സ്വന്തം ലേഖകൻ
ഇളങ്ങുളം: സ്വകാര്യപുരയിടത്തിൽ നിന്ന് വെട്ടിയിട്ട മരം അങ്കണവാടി കെട്ടിടത്തിലേക്ക് പതിച്ചു. അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നെങ്കിലും വൻ അപകടം ഒഴിവായി. മേൽക്കൂരയുടെ ഓടുകൾ തകർന്ന് അങ്കണവാടിക്ക് ഉള്ളിലേക്ക് വീണെങ്കിലും കുട്ടികളും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
എലിക്കുളം പഞ്ചായത്ത് 13ാം വാർഡിൽ ഇളങ്ങുളം വടക്കുംഭാഗം കെട്ടിടത്തിന് സമീപം റോഡിന് എതിർവശത്ത് സ്വകാര്യപുരയിടത്തിൽ നിന്ന മഹാഗണി മരമാണ് മുറിച്ചത്. ശിഖരങ്ങൾ മുറിച്ചുമാറ്റാതെ മരം വെട്ടിയിടാൻ ശ്രമിച്ചതിനാൽ കാറ്റിനനുസരിച്ച് ദിശമാറിയതാണ് മരം കെട്ടിടത്തിലേക്ക് പതിക്കാൻ കാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈദ്യുതിപോസ്റ്റ് തകർത്ത് ലൈനിൽ തങ്ങിയ നിലയിലാണ് മരം വീണത്. അതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. ഇന്നലെ നാലുകുട്ടികൾ മാത്രമാണ് അങ്കണവാടിയിൽ ഉണ്ടായിരുന്നത്. കൂടുതൽ കുട്ടികൾ ഇല്ലാതിരുന്നതും അപകടസാധ്യത കുറച്ചു.
കെട്ടിടത്തിന്റെ മേൽക്കൂര തകർന്നതിനാൽ നാട്ടുകാർ അങ്കണവാടിയിലെ ഉപകരണങ്ങൾ സമീപത്തെ കരയോഗ കെട്ടിടത്തിലേക്ക് മാറ്റി. സംഭവമറിഞ്ഞ ഉടൻ തന്നെ പൊൻകുന്നം പോലീസും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചു.