
കോട്ടയം : സൗത്ത് പാമ്പാടിയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.
കോഴിമലയിൽ എം. കെ.മറിയാമ്മയുടെ വീടിന് മുകളിലേക്കാണ് അയൽവാസിയുടെ കൂറ്റൻ പ്ലാവ് വീണത്.
ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ മരം ചെരിഞ്ഞു നിൽക്കുകയായിരുന്നു, മരം വീഴാൻ സാധ്യതയുള്ളതിനാൽ വീട്ടുകാർ അയൽപക്കത്തെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫയർ ആൻഡ് റെസ്ക്യൂ ടീമിനെ ഇന്നലെ വിവരം അറിയിച്ചിരുന്നെങ്കിലും സ്ഥലപരിശോധന നടത്തിയ ശേഷം മരം മുറിച്ചു മാറ്റുവാൻ കഴിയാത്ത സാഹചര്യമാണെന്ന് അറിയിക്കുകയായിരുന്നു.
അയൽവാസി മരം വെട്ടുകാരുടെ സഹായം തേടിയിരുന്നുവെങ്കിലും കനത്ത മഴയായിരുന്നതിനാൽ ആരെയും ലഭ്യമായില്ല. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടി വീശിയടിച്ച കാറ്റിൽ മരം വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ മേൽക്കൂര പൂർണമായും ഭിത്തികൾ ഭാഗികമായും നശിച്ചു.
മറിയാമ്മയുടെ വീട് പുനരുദ്ധാരണത്തിന് പാമ്പാടി ഗ്രാമ പഞ്ചായത്ത്‌മുൻ വൈസ് പ്രസിഡന്റ് അഡ്വ. സിജു കെ.ഐസക്കിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു. വാർഡ് മെമ്പർ സുനിതാ ദീപു, വാർഡ് കോൺഗ്രസ് പ്രസിഡന്റ് സി.ജെ കുര്യാക്കോസ്, ഫീലിപ്പോസ് ചിങ്ങംകുഴി എന്നിവർ വീട് സന്ദർശിച്ചു.