വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോട്ടയത്ത് വൻ തട്ടിപ്പ്: പരീക്ഷയിൽ പരാജയപ്പെട്ടാൽ തുക തിരികെ നൽകാമെന്ന് അവകാശപ്പെട്ട് പണം വാങ്ങും; എന്തായാലും പണം തിരികെ നൽകില്ല: തട്ടിപ്പ് നടത്തുന്നത് കോട്ടയം കേന്ദ്രീകരിച്ചുള്ള ആശാകിരൺ എന്ന സ്ഥാപനം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോട്ടയത്ത് വൻ തട്ടിപ്പ്. പരീക്ഷ പാസായില്ലെങ്കിൽ തുക തരികെ നൽകുമെന്ന് വാഗ്ദാനം ചെയ്ത സംഘമാണ് ജില്ലയിൽ വൻ തട്ടിപ്പ് നടത്തുന്നത്. കോട്ടയത്തും, തൃശൂരിലും, ഡൽഹിയിലും സെന്ററുകളുള്ള ആശാ കിരൺ ഇമ്മിഗ്രേഷൻ സർവീസിന്റെ പേരിലാണ് വൻ തട്ടിപ്പ് നടത്തുന്നത്. കോട്ടയത്ത് മലയാള മനോരമ ജംഗ്ഷനിലെ മുളവന ബിൽഡിംങിലും, ചാലക്കുടിയിൽ സ്വപ്ന കോപ്ലക്‌സിലും , ഡൽഹിയിൽ ജനക് പുരിയിലുമാണ് തങ്ങളുടെ ഓഫിസ് പ്രവർത്തിക്കുന്നതെന്നാണ ആശാകിരൺ അറിയിച്ചിരിക്കുന്നത്.
ഇത്തരത്തിൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. യൂറോപ്പിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്താണ് സംഘം വൻ തോതിൽ തട്ടിപ്പ് നടത്തുന്നത്. യൂറോപ്പിൽ നഴ്‌സിങ് അടക്കമുള്ള വിവിധ ജോലികൾ വാഗ്ദാനം ചെയ്യുന്ന സംഘം 29,500 രൂപയും, 5000 രൂപ സർവീസ് ചാർജുമാണ് ഈടാക്കുന്നതെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇമ്മിഗ്രേഷൻ യോഗ്യത യ്ക്കുള്ള പരീക്ഷയിൽ പരാജയപ്പെട്ടാൽ 29500 രൂപ തിരികെ നൽകുമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ ഉദ്യോഗാർത്ഥികളെ തങ്ങളിലേയ്ക്ക് ആകർഷിക്കുന്നത്. എന്നാൽ, പരീക്ഷയിൽ പരാജയപ്പെട്ടാലും ഇവർ പലപ്പോഴും പണം തിരികെ നൽകാറില്ല. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ മൂവാറ്റുപുഴ സ്വദേശിയായ യുവതിയും കുടുംബവും പരാതിയുമായി തേർഡ് ഐ ന്യൂസ് ലൈവിനെ സമീപിക്കുകയായിരുന്നു. തുടർന്ന് തേർഡ് ഐ ന്യൂസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ നൂറുകണക്കിന് ആളുകൾ തട്ടിപ്പിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്.
ആദ്യം പരീക്ഷ പാസായില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് പറയുന്ന സംഘം, പരീക്ഷ പാസാകാതെ വന്നാൽ ഉടൻ തന്നെ എമ്മിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചില്ലെങ്കിൽ പണം നൽകുമെന്നാണ് പറഞ്ഞിരുന്നതെന്ന് അറിയിക്കും. ഇത്തരത്തിൽ പലരും തങ്ങളുടെ പണം നഷടമായെങ്കിലും പരാതി നൽകാനുള്ള മാർഗമില്ലാതെ ഇരിക്കുകയാണ്. പരാതി നൽകുന്നവരെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ആശാകിരൺ അധികൃതർ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ അനധികൃതമായി ആളുകളെ കബളിപ്പിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ പരാതി നൽകാൻ ഒരുങ്ങുയാണ് ഉദ്യോഗാർത്ഥികൾ. ഇതിനായി തട്ടിപ്പിന് ഇരയായ കൂടുതൽ ആളുകളുടെ വിശദാംശങ്ങൾ ഇവർ ശേഖരിച്ച് വരികയാണ്. തുടർന്ന് തട്ടിപ്പിന് ഇരയായ ആളുകളെ ഒന്നിച്ച് വിളിച്ച് കൂടി പരാതിയിൽ കർശന നടപടിയെടുപ്പിക്കുന്നതിനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.