വിമാന ടിക്കറ്റിന്റെ പേരിൽ പണം വാങ്ങി തട്ടിപ്പ് നടത്തി; ഇടുക്കിയിൽ ട്രാവല്‍ ഏജന്‍സി ഓഫിസിലേക്ക് പെട്രോൾ നിറച്ച കുപ്പികളുമായെത്തി തട്ടിപ്പിനിരയായ യുവാക്കൾ; അകത്ത് നിന്നും ഷട്ടറിട്ട് പൂട്ടി മണിക്കൂറുകൾ ഭീതി പരത്തി
സ്വന്തം ലേഖകൻ
ഇടുക്കി: വിമാന ടിക്കറ്റിന്റെ പേരിൽ പണം വാങ്ങി തട്ടിപ്പുനടത്തിയ ട്രാവല്‍ ഏജന്‍സിക്കെതിരെ പ്രതിഷേധവുമായി തട്ടിപ്പിനിരയായവര്‍. ഇടുക്കി കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്‌കൈലിങ്ക് ട്രാവല്‍സിലേക്ക് തട്ടിപ്പിനിരയായ യുവാക്കൾ പെട്രോള്‍ നിറച്ച കുപ്പികളുമായെത്തിയത് ഭീതി പരത്തി.
ഉപഭോക്താക്കള്‍ ട്രാവല്‍ ഏജന്‍സിയില്‍ പെട്രോളുമായി പ്രവേശിക്കുകയും അകത്ത് നിന്നും ഷട്ടറിട്ട് പൂട്ടുകയും ചെയ്തു. തുടർന്ന് സ്ഥാപന ഉടമയുമായി വാക്കേറ്റമുണ്ടായതോടെ കട്ടപ്പന പൊലീസെത്തി ഷട്ടര്‍ തുറപ്പിച്ച് ഇവരെ പുറത്തിറക്കുകയായിരുന്നു. പണം തിരിച്ചു നല്‍കാമെന്ന സ്ഥാപനയുടമ ഉറപ്പ് നല്‍കിയതോടെയാണ് ഇവര്‍ പിരിഞ്ഞ് പോകുവാന്‍ തയ്യാറായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൈലിങ്ക് ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച പ്രതിഷേധവുമായി ഉപഭോക്താക്കള്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ജര്‍മനിയ്ക്ക് ടിക്കറ്റെടുത്ത യുവതി യാത്ര മുടങ്ങിയതോടെ സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ തട്ടിപ്പിനിരയായവര്‍ സ്ഥാപന ഉടമക്കെതിരെ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു.