ക്ഷേത്രങ്ങളിലെ വഴിപാടുകൾ ഇനി വീട്ടിലിരുന്ന് ബുക്ക് ചെയ്യാം; ഓൺലൈൻ സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

Spread the love

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാടുകൾ ഇനി ഭക്തർക്ക് വീട്ടിലിരുന്ന് തന്നെ ഓൺലൈനായി ബുക്ക് ചെയ്യാനാകും. ഇതിനായി ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കുകയാണ്. പുതിയ കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിക്ക് കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും.

കൗണ്ടർ ബില്ലിംഗ് മോഡ്യൂൾ പ്രവർത്തനക്ഷമമായി ഒരു മാസത്തിനകം എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ആദ്യം മേജർ ക്ഷേത്രങ്ങളിലാണ് സൗകര്യം ലഭ്യമാകുക. ആറു മാസത്തിനകം ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇത് ലഭ്യമാകും. സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നത്. വഴിപാട് ബില്ലിങ്ങിന് പുറമേ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ അടക്കമുള്ള വിലപിടിച്ച വസ്തുക്കളുടെ വിവരങ്ങളും ക്ഷേത്രഭൂമി സംബന്ധിച്ച വിവരങ്ങളും പൂർണ്ണമായും ക്ലൗഡ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയർ വഴി ലഭ്യമാകും.

ഓരോ ക്ഷേത്രത്തിനും പ്രത്യേകം വെബ്സൈറ്റ് ഒരുക്കും. ക്ഷേത്രങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഭക്തർക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സോഫ്റ്റ്‌വെയർ പ്രാവർത്തികമാകുന്നതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും വിവരങ്ങളും ദൈനംദിന പ്രവർത്തനങ്ങളും ഏകീകൃതമായി നിരീക്ഷിക്കാനാകും. ഇതിലൂടെ ക്ഷേത്രങ്ങളുടെ പ്രവർത്തനവും ഭക്തജനസേവനവും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group