കെഎസ്ആർടിസി ജീവനക്കാർ മാത്രമല്ല സർക്കാരിന്റെ കരുണ കാത്ത് കഴിയുന്നത്; വർഷങ്ങളോളം ജോലി ചെയ്തു പിരിഞ്ഞിട്ടും ഒരു നയാ പൈസ പോലും ആനുകൂല്യം നൽകാതെ ട്രാവൻകൂർ സിമന്റ്‌സിലെ വിരമിച്ച ജീവനക്കാർ; ബജറ്റിലും പരിഗണന ലഭിക്കാതെ ജീവനക്കാർ ദുരിതത്തിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനൂകൂല്യത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത് തുടരുമ്പോൾ, അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്ത് വിരമിക്കൽ ആനൂകൂല്യത്തിനായി വർഷങ്ങൾ കാത്തിരിക്കുന്ന ഒരു വിഭാഗമുണ്ട്. കോട്ടയം നാട്ടകം ട്രാവൻകൂർ സിമന്റ്‌സ് കമ്പനിയിൽ നിന്നും വിരമിച്ച ജീവനക്കാരാണ് വർഷങ്ങളായി തങ്ങൾക്ക് ലഭിക്കാനുള്ള വിരമിക്കൽ ആനൂകൂല്യങ്ങൾക്കായി കാത്തിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടുന്നു എന്ന് അവകാശപ്പെടുന്ന സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് അർഹതപ്പെട്ട ആനൂകൂല്യം കയ്യിലേയ്‌ക്കെത്താൻ വർഷങ്ങളായി ഈ തൊഴിലാളികൾ കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ആനൂകൂല്യം അനുവദിക്കുന്നതിനു രണ്ടു വർഷത്തെ സാഹവകാശം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ ഹൈക്കോടതി സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് വീണ്ടും കോട്ടയം ട്രാവൻകൂർസിമന്റ്‌സിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ രോദനം വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാവൻകൂർ സിമന്റ്‌സിൽ പക്ഷേ, 2019 മുതൽ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് അനൂകൂല്യങ്ങൾ ലഭ്യമാകാൻ കിടക്കുകയാണ്. ഗ്രാറ്റുവിറ്റിയും പിഎഫും അടക്കമുള്ള ആനൂകൂല്യങ്ങളാണ് ഇപ്പോഴും കുടിശികയായി കിടക്കുന്നത്. കെ.എസ്.ആർ.ടി.സി പോലെ തന്നെയുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് ട്രാവൻകൂർസിമന്റ്‌സും. എന്നാൽ, ഇവിടെ നിന്നും വിരമിച്ച ജീവനക്കാർക്ക് യാതൊരു വിധ അനൂകൂല്യങ്ങളും ഇതുവരെയും നൽകിയിട്ടില്ല.

വിരമിക്കൽ അനൂകുല്യം കൃത്യമായി ലഭിക്കാതെ വന്നതോടെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി എത്രയും വേഗം ആനുകൂല്യം നൽകണമെന്ന് നിർദേശിച്ചെങ്കിലും ഇതുവരെയും അനൂകൂല്യങ്ങൾ ഒന്നും നൽകാൻ കമ്പനി തയ്യാറായില്ല. ഇത് കൂടാതെ സർക്കാർ കാലാകാലങ്ങളായി നൽകുന്ന സഹായമാകട്ടെ കമ്പനിയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും, ഉദ്യോഗസ്ഥർ ധൂർത്തടിക്കുന്നതിനും ഉപയോഗിക്കുകയാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാൻ കമ്പനി ആലോചനാ യോഗം ചേരുകയും, സർക്കാരിൽ നിന്നും ഫണ്ട് സ്വന്തമാക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ഇതെല്ലാം ജീവനക്കാർക്ക് ശമ്പളം കൊടുത്തും ആഡംബരം നടത്തിയും ചിലവഴിച്ച് തീർക്കുകയാണ് ചെയ്യുന്നത്.

കമ്പനിയിൽ എത്തുന്ന മാനേജിംങ് ഡയറക്ടർമാർ ചുമതലയേറ്റെടുത്ത് മുന്നോട്ട് പോകുമ്പോൾ ജീവനക്കാർക്ക് ശമ്പളം നൽകുന്ന ജോലി മാത്രമാണ് ചെയ്യുന്നതെന്നാണ് ആരോപണം. കമ്പനിയെ മുന്നോട്ട് നയിക്കുന്നതിന് ആശയപരമായ ഇടപെടലുകൾ ഒന്നും തന്നെ ഇവർ ചെയ്യാറായില്ല. ഇത് കൂടാതെയാണ് കമ്പനിയുടെ മാനേജിംങ് ഡയറക്ടറായി ഇവിടെ തന്നെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെ തന്നെ നിയോഗിച്ചിരുന്നു. വിരമിച്ച ജീവനക്കാരുടെ വിഷയങ്ങൾ അടക്കം അറിയുന്ന ഇദ്ദേഹം പക്ഷേ, വിരമിച്ച ജീവനക്കാർക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്. ഇത് അടക്കം വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കെഎസ്ആർടിസി വിഷയത്തിലുണ്ടായ ഹൈക്കോടതി വിധിയെങ്കിലും സർക്കാരിന്റെ കണ്ണ് തുറപ്പിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.