
തിരുവനന്തപുരം: മാർച്ച് മാസത്തിലെ വലിയ ചെലവുകൾ മുന്നിൽ നിൽക്കെ സംസ്ഥാന ട്രഷറിയിൽ കടുത്ത നിയന്ത്രണം. ശമ്പളം, പെൻഷൻ ഒഴികെയുള്ള മറ്റ് ബില്ലുകൾ മാറേണ്ടതില്ലെന്ന് ട്രഷറി ഉദ്യോഗസ്ഥർക്ക് അനൗദ്യോഗിക നിർദ്ദേശം ലഭിച്ചതായാണ് റിപ്പോർട്ട്.
മാർച്ച് മാസം കടന്നുകിട്ടാൻ ഏകദേശം 24,000 കോടി രൂപയെങ്കിലും വേണ്ടി വരും. 13ന് പൊതുവിപണിയിൽ നിന്ന് 605 കോടി രൂപ കടമെടുക്കുന്നത് ചെറിയ ആശ്വാസമാകുമെങ്കിലും ബാക്കി തുക കണ്ടെത്തുക സംസ്ഥാനത്തിന് മുന്നിൽ വെല്ലിവിളിയാകും. നടപ്പുസാമ്പത്തിക വർഷത്തിലെ പദ്ധതിവിഹിതം പകുതിയാക്കി വെട്ടിക്കുറച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിക്ക് അയവുവന്നിട്ടില്ല.
അതേസമയം, പ്രതിസന്ധി മറികടക്കാൻ 12,000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി തേടി കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കുകയാണ് കേരളം. ഈ മാസം 12ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കൂടിക്കാഴ്ചയിലും ഇക്കാര്യം ഉന്നയിക്കുമെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ വയബിലിറ്റി ഗ്യാപ് ഫണ്ട്, മുണ്ടക്കൈ-ചൂരൽമല പുനരധിവാസം തുടങ്ങിയ കാര്യങ്ങളും ചർച്ചയാകും. വയനാട് പുനരധിവാസത്തിനായി 529 കോടിയുടെ പലിശ രഹിത വായ്പ കേന്ദ്രസർക്കാർ അനുവദിച്ചെങ്കിലും മാർച്ച് 31ന് മുമ്പ് വിനിയോഗിക്കണമെന്നാണ് വ്യവസ്ഥ. ഇത് പ്രായോഗികമല്ലെന്ന കാര്യം ധനമന്ത്രിയെ ബോധ്യപ്പെടുത്തും.
വായ്പാ അനുമതിക്കായി ധനവകുപ്പ് ഉദ്യോഗസ്ഥരും ഡൽഹിയിലെത്തി ചർച്ചകൾ നടത്തുന്നുണ്ട്. വൈദ്യുതി മേഖലയിലെ പരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ടും മറ്റിനങ്ങളിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതവും ചേർത്ത് 12,000 കോടി രൂപ കടമെടുക്കാൻ അനുമതി നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
എന്നാൽ, കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും കേന്ദ്രം കടമെടുക്കാനുള്ള അനുമതി വൈകിപ്പിക്കുകയാണെന്നാണ് കേരളം ആരോപിക്കുന്നത്. മാർച്ച് 18നും 25നും മാത്രമേ ഇനി കടപ്പത്രം ഇറക്കാനുള്ള അവസരമുള്ളൂ. എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ പ്രയോജനമുണ്ടാകില്ലെന്നാണ് കേരളം വാദിക്കുന്നത്.
കഴിഞ്ഞ തവണ സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് അവസാന ഗഡുവായി 13,500 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുവദിച്ചതെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. വായ്പയെടുക്കാൻ കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ട്രഷറി പ്രവർത്തനം താത്കാലികമായി നിർത്തിവെക്കേണ്ടി വരുമെന്നാണ് സൂചന.