ശബരിമലയിൽ ട്രാൻസ്‌ജെൻഡേഴ്‌സ് സംഘം ദർശനം നടത്തി

ശബരിമലയിൽ ട്രാൻസ്‌ജെൻഡേഴ്‌സ് സംഘം ദർശനം നടത്തി


സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ നാലംഗ ട്രാൻസ്‌ജെൻഡേഴ്‌സ് സംഘം ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെ നാലു മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് സംഘം പുറപ്പെട്ടത്. ശബരിമലയിൽ പോകുന്നതിന് ഇവർക്ക് തടസങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ രാവിലെ പത്ത് മണിയോടെ ദർശനത്തിന് ശേഷം നെയ്യഭിഷേകവും നടത്തി. ഇവരെ നിലക്കൽ മുതൽ കനത്ത സുരക്ഷയിലാണ് സന്നിധാനത്ത് എത്തിച്ചത്. പ്രതിഷേധങ്ങളോ തടയാനുള്ള ശ്രമമോ ഉണ്ടായില്ല. കഴിഞ്ഞ 16 ന് എറണാകുളത്ത് നിന്ന് രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവർ ശബരിമല ദർശനത്തിനെത്തിയിരുന്നു. എന്നാൽ സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്നങ്ങൾക്കിടയാക്കുമെന്നും അതിനാൽ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നും എരുമേലി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് ഇവരെ എരുമേലി പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു. എന്നാൽ ട്രാൻസ്‌ജെൻഡേഴ്‌സിന് ദർശനം നടത്തുന്നതിന് തടസമില്ലെന്ന് ശബരിമല തന്ത്രിയും പന്തളം കൊട്ടാരവും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ശബരിമലയിൽ ഹൈക്കോടതി ചുമതലപ്പെടുത്തിയ സമിതിയോട് കൂടി ആലോചിച്ച ശേഷമാണ് പൊലീസ് ഇവർക്ക് സുരക്ഷയൊരുക്കിയത്.