
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളാ പോലീസ് വിപ്ലവാത്മകമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. പോലീസ് സേനയിൽ ട്രാൻസ് ജെൻഡേഴ്‌സിനെ നിയമിക്കാൻ ചർച്ചകൾ ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ച സർക്കാർ ശുപാർശ ക്രമസമാധാന ചുമതലുള്ള എ.ഡി.ജി.പിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് സർക്കാർ തീരുമാനം. ശുപാർശ പോലീസ് ആസ്ഥാനത്ത് ലഭിച്ചു കഴിഞ്ഞു.
എല്ലാ സർക്കാർ വകുപ്പുകളിലേക്കും ട്രാൻസ്‌ജെൻഡേഴ്‌സിന് അവസരം നൽകുന്നതിന്റെ ഭാഗമായാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് എല്ലാ സർക്കാർ വകുപ്പുകളിലും ട്രാൻസ്‌ജെൻഡർ സമൂഹത്തിന് പ്രതിനിധ്യം നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിന് വേണ്ടി റിപ്പോർട്ട് അയച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാവും വകുപ്പുകൾ നിയമന കാര്യങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്തിരുന്നു. ഇപ്രകാരം ആഭ്യന്തര വകുപ്പിന് ലഭിച്ച നിർദ്ദേശത്തിൻമേലാണ്, പോലീസ് സേനയിൽ ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്.
പ്രാഥമിക നടപടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നയപരമായ അന്തിമ തീരുമാനം സർക്കാരാണ് കൈക്കൊള്ളേണ്ടത്. ട്രാൻസ് ജെൻഡർ സമൂഹത്തെക്കൂടി യൂണിഫോം സേനയുടെ ഭാഗമാക്കി മാറ്റുമ്പോൾ റിക്രൂട്ടിംഗ്, പരിശീലനം, ഏതൊക്കെ മേഖലകളിൽ വിന്യസിക്കും എന്നതിനെ സംബന്ധിച്ചുള്ള വ്യക്തത സർക്കാരിന് ലഭിക്കണം.
പോലീസുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലേക്കും ഇവരെ നിയമിക്കുന്നതു സംബന്ധിച്ച ചർച്ചകളും നടന്നേക്കും. ഇതിൽ പോലീസിന്റെ വിശദീകരണവും നിർദ്ദേശങ്ങളുമാണ് സർക്കാർ നിലവിൽ തേടിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയോടും എ.പി ബറ്റാലിയനോടും കൂടിയാലോചനകൾ നടത്താനാണ് ഇപ്പോൾ ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.
രണ്ട് എ.ഡി.ജി.പിമാർ നടത്തുന്ന പഠന റിപ്പോർട്ട് എ.ഡി.ജി.പി കോൺഫറൻസിൽ ചർച്ച ചെയ്യും. എ.ഡി.ജി.പി ഇന്റലിജൻസ് വിഷയാവതരണത്തെ ക്രോഡീകരിച്ച് കേരള പോലീസിന്റെ നിർദ്ദേശമായി ഡിജിപിക്ക് കൈമാറും. ഇക്കാര്യം പോലീസിന്റെ തീരുമാനമായി മേധാവി സർക്കാരിനെ അറിയിക്കും. ഇതിനു ശേഷമാകും നയപരമായ തീരുമാനത്തിലേക്ക് സർക്കാർ പോവുക.



