
സ്വന്തം ലേഖകൻ
കൊച്ചി: നാട്ടിൽ ജോലി ചെയ്‌ത് ജീവിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകി ട്രാൻസ് വനിതാ അനീറ കബീർ. രണ്ടുവിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എം എഡ്, സെറ്റ് ഇങ്ങനെ ഒരു ഹയർ സെക്കണ്ടറി അധ്യാപികയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെങ്കിലും ജോലി തേടി അലയുകയാണ് അനീറ.
ഒഴിവുകളുണ്ടെങ്കിലും പലരും ജോലി കൊടുക്കാൻ തയ്യാറാകുന്നില്ല. ട്രാൻസ് വനിത എന്നത് തന്നെയാണ് കാരണം. കഴിഞ്ഞ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ സംസ്‌ഥാനത്തെ വിവിധയിടങ്ങളിലെ 14 സ്‌കൂളുകളിലാണ് താൽകാലിക അധ്യാപക നിയമനത്തിന്റെ പരസ്യം കണ്ട് അനീറ ചെന്നത്. ട്രാൻസ് ജെൻഡർ ആണെന്ന് തിരിച്ചറിയുന്നതോടെ അനീറയുടെ എല്ലാ യോഗ്യതകളും അയോഗ്യമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ നാട്ടിൽ ട്രാൻസ് വനിത എന്ന നിലയിൽ ജോലി ചെയ്‌ത് ജീവിക്കാനാകില്ലെന്ന് ബോധ്യമായാൽ ഹൈക്കോടതിയിൽ ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ട് ലീഗൽ സർവീസ് അതോറിറ്റിയെയാണ് അനീറ സമീപിച്ചിരിക്കുന്നത്.
സർക്കാർ സ്‌കൂളിലെ അഭിമുഖത്തിൽ പോലും ലിംഗത്തിന്റെ അടിസ്‌ഥാനത്തിൽ പരിഹസിക്കുന്ന ചോദ്യങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് അനീറ പറയുന്നു. സ്‌ത്രീയായി ജീവിക്കുന്ന അനീറ അപമാനഭയം കൊണ്ട് പാലക്കാട്ടെ ഒരു സ്‌കൂളിൽ പുരുഷവേഷം ധരിച്ചാണ് അഭിമുഖത്തിന് എത്തിയത്. അവിടെ ജോലിയും ലഭിച്ചു. എന്നാൽ, ട്രാൻസ് വനിതയാണെന്ന് തിരിച്ചറിഞ്ഞതോടെ സ്‌കൂളിലെ പ്രധാന അധ്യാപികയടക്കം അനീറയ്‌ക്കെതിരെ തിരിഞ്ഞു.
ട്രാൻസ്‌ജെൻഡർ ആയതിനാൽ വിദ്യാർഥികളെ ലൈംഗിക താൽപര്യത്തോടെ നോക്കുമെന്ന ഭയമുണ്ടെന്ന് അവർ അനീറയോട് തുറന്നുപറഞ്ഞു. വിദ്യാർഥികളിൽ നിന്ന് ലഭിച്ച പിന്തുണ കൊണ്ടുമാത്രമാണ് ഇത്തരം അപമങ്ങൾക്കിടയിലും സ്‌കൂളിൽ പിടിച്ചുനിൽക്കാനായത്. എങ്കിലും, എതിർപ്പുകൾ പല രീതിയിൽ തുടർന്നപ്പോൾ നവംബറിൽ ലഭിച്ച ജോലി അവസാനിപ്പിച്ച് അനീറ ജനുവരിയിൽ സ്‌കൂളിന്റെ പടിയിറങ്ങുകയായിരുന്നു.
സോഷ്യോളജി ജൂനിയർ, സീനിയർ അധ്യാപക തസ്‌തികയിലേക്കാണ് ഈ സ്‌കൂളിൽ നിയമനം നടന്നത്. ജൂനിയർ തസ്‌തികയിൽ താൽകാലികമായാണ് അനീറയെ നിയമിച്ചത്. എന്നാൽ, സീനിയർ തസ്‌തികയിലേക്ക് സ്‌ഥിരം ആളെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നയാളെ ജൂനിയറാക്കി അനീറയെ പറഞ്ഞുവിട്ടു. സംവരണം ഇല്ലാത്തിടത്തോളം കാലം തന്നെപ്പോലെ വിദ്യാഭ്യാസ യോഗ്യതയുള്ള ട്രാൻസ്‌ജെൻഡേഴ്‌സിന് ജോലി ലഭിക്കില്ലെന്നാണ് അനീറ പറയുന്നത്.
ട്രാൻസ് വനിതയായതിനാൽ ഒറ്റപ്പാലത്തെ വീട്ടിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ജോലി ചെയ്‌ത് ജീവിക്കാനുമാകുന്നില്ല. വാടകയ്‌ക്ക് വീട് ലഭിക്കുന്നത് തന്നെ ഏറെ കഷ്‌ടപ്പെട്ടിട്ടാണെന്നും അനീറ പറഞ്ഞു.



