play-sharp-fill
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇതര സംസ്ഥാനക്കാരൻ ഓടിക്കയറിയത് വൈദ്യുതി പോസ്റ്റിനു മുകളിൽ: ഭക്ഷണം വാങ്ങി നൽകി ഇയാളെ ആശ്വസിപ്പിച്ച് പൊലീസ് താഴെയിറക്കി; സംഭവം കോട്ടയം മാങ്ങാനത്ത്

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇതര സംസ്ഥാനക്കാരൻ ഓടിക്കയറിയത് വൈദ്യുതി പോസ്റ്റിനു മുകളിൽ: ഭക്ഷണം വാങ്ങി നൽകി ഇയാളെ ആശ്വസിപ്പിച്ച് പൊലീസ് താഴെയിറക്കി; സംഭവം കോട്ടയം മാങ്ങാനത്ത്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നാലു ദിവസത്തോളം ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്നു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി ഓടിക്കയറിയത് വൈദ്യുതി പോസ്റ്റിൽ. ഭക്ഷണം നൽകാമെന്ന് ആശ്വസിപ്പിച്ച് യുവാവിനെ താഴെയിറക്കിയ പൊലീസ് വാങ്ങി നൽകിയ ഭക്ഷണം ആർത്തിയോടെ യുവാവ് കഴിച്ചു.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മാങ്ങാനത്ത് കൊടൂരാറിനോടു ചേർന്ന് നടേപ്പാലത്തായിരുന്നു സംഭവം. പ്രദേശത്തു കൂടി നടന്നെത്തിയ യുവാവ് ഇവിടുത്തെ മോട്ടോർ തറയുടെ സമീപത്തെ ട്രാൻസ്‌ഫോമറിലേയ്ക്ക് ഓടിക്കയറുകയായിരു്ന്നു. ഈ ട്രാൻസ്‌ഫോമറിലേയ്ക്കുള്ള വൈദ്യുതി വിതരണം താല്കാലികമായി റദ്ദ് ചെയ്തിരിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവാവിന് ഷോക്കേറ്റില്ല. പതിനഞ്ച് മിനിറ്റോളം ഇയാൾ ട്രാൻസ്‌ഫോമറിന്റെ തറയിൽ കയറി നിന്നതിനാൽ നാട്ടുകാർ വിവരം പൊലീസിനെയും, അഗ്നിരക്ഷാ സേനയെയും അറിയിച്ചു.
ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടി ഈസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. ചെറിയ തോതിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിന് ആദ്യം പൊലീസ് ഭ്ക്ഷണം വാങ്ങി നൽകി. ഭക്ഷണം കഴിച്ച ശേഷമാണ് ഇയാൾ കാര്യങ്ങൾ പറഞ്ഞത്. നാലു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഇയാൾ പൊലസിനോടു പറഞ്ഞു. ചെന്നൈയിൽ നിന്നും ജില്ലയിലേയ്ക്ക് വന്നതായും ഇയാൾ പറയുന്നു. എന്നാൽ, എന്തിനാണ് എത്തിയതെന്നോ കൃത്യമായ വിലാസമോ പറയാൻ ഇയാൾക്ക് സാധിക്കുന്നില്ല. ഇയാളെ നിരീക്ഷണത്തിൽ വച്ച ശേഷം ആവശ്യമുള്ള വൈദ്യ സഹായം നൽകാനാണ് പൊലീസ് ആലോചിക്കുന്നത്.