
നാട്ടിലെ റോഡിനെ കുറിച്ച് പരാതി പറയാൻ പിഡബ്ല്യൂഡി ചീഫ് എൻജിനീയറെ ഫോണില്‍ വിളിച്ചതിന്റെ പേരില്‍ കെഎസ്‌ഇബി ജീവനക്കാരനെ സ്ഥലം മാറ്റിയ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. കെഎസ്‌ഇബിയില്‍ ലൈൻമാനായ കാരശ്ശേരി സ്വദേശി ലുക്മാനുല്‍ ഹക്കീം നല്‍കിയ ഹർജിയില്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്.
ലുക്മാൻ എൻജിനീയറെ ഫോണില്‍ വിളിക്കുന്നതിന്റെ വീഡിയോ സുഹൃത്തുക്കള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്ന് തിരുവമ്പാടി മണ്ഡലം എംഎല്‍എ ലിന്റോ ജോസഫ് ലുഖ്മാനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഇബിയെ സമീപിച്ചിരുന്നു. പ്രതികാര നടപടിയാണ് സ്ഥലം മാറ്റം എന്നാണ് ലുഖ്മാൻ ആരോപിച്ചത്. ഇത് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ലുക്മാനുവേണ്ടി അഡ്വ. അമീൻ ഹസ്സൻ ആണ് ഹാജരായത്.


