ട്രാൻസ്‌ജെൻഡർ യുവതിയെ തടഞ്ഞു നിർത്തി സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമം: മോഷണ ശ്രമം തടഞ്ഞ ട്രാൻസ്‌ജെൻഡറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; തോപ്പുംപടി സ്വദേശിയായ യുവാവ് അറസ്റ്റിൽ
തേർഡ് ഐ ബ്യൂറോ
കൊച്ചി: ട്രാൻസ്‌ജെൻഡറുകൾക്ക് ഇപ്പോഴും കേരള സമൂഹം അർഹമായ പരിഗണന നൽകുന്നില്ലെന്നതിനുള്ള തെളിവ് ഏറ്റവും ഒടുവിൽ പുറത്ത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇപ്പോഴും ട്രാൻസ്‌ജെൻഡറുകൾ ആക്രമണത്തിന് ഇരയാകുകയാണ്. ഇത് തന്നെയാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്തകൾ അക്രമത്തിന്റേതാണ്.
കവർച്ചാ ശ്രമം തടഞ്ഞ ട്രാൻസ്‌ജെൻഡർ യുവതിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഭവമാണ് ഏറ്റവും ഒടുവിൽ പുറത്തു വന്നിരിക്കുന്നത്. ഇതോടെ കേസിലെ മുഖ്യപ്രതിയാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. തോപ്പുംപടി രാമേശ്വരം വില്ലേജ് മലർ കണ്ടം വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന മൈൻഡ് കണ്ണനെയാണ് (28) ആണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 ഓടെ എറണാകുളം ചിറ്റൂർ റോഡിൽ എസ്ആർവി സ്‌കൂളിനടുത്ത് വച്ചാണ് ട്രാൻസ്‌ജെൻഡർ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. കൂട്ടുകാരോടൊത്ത് എടിഎം കൗണ്ടറിൽ നിന്നും പണം എടുക്കാൻ എത്തിയ കരിങ്കുന്നം സ്വദേശിനിയായ ട്രാൻസ് യുവതിയാണ് അക്രമത്തിന് ഇരയായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇവരെ തടഞ്ഞുനിർത്തി കഴുത്തിൽ വാക്കത്തിവെച്ച് പണം ആവശ്യപ്പെടുകയായിരുന്നു. അറസ്റ്റിലായ കണ്ണൻ ആയിരുന്നു വാക്കത്തിയുമായി ആക്രമിച്ചത്.
വാക്കത്തി തട്ടി മാറ്റി ഓടിയ യുവതിയുടെ പിന്നാലെ ഓടിയ പ്രതി വീണ്ടും തടഞ്ഞു നിർത്തി കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നും മറ്റൊരു കത്തിയെടുത്ത് യുവതിയുടെ തുടയിൽ കുത്തുകയായിരുന്നു. തുടർന്ന് നെഞ്ചിൽ കുത്താനുള്ള ശ്രമം തടയുന്നതിനിടെ യുവതിയുടെ കൈയിൽ ഗുരുതരമായി പരിക്കേറ്റു. തലയിൽ ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗത്തും കത്തി കൊണ്ടുള്ള ആക്രമണത്തിൽ മുറിവുകൾ ഉണ്ടായി.
ആശുപത്രി ചികിത്സതേടിയ യുവതി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. എറണാകുളം എസിപി കെ ലാൽജിയുടെ മേൽനോട്ടത്തിൽ, സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ, സബ് ഇൻസ്‌പെക്ടർമാരായ വിപിൻ കുമാർ കെ. ജി, തോമസ് കെ. എക്‌സ്, കെ.ഫുൾജൻ, എ എസ് ഐ മാരായ ഗോപി, ഗോവിന്ദൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
പ്രതികൾ നേരത്തെയും കവർച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.