
കൊച്ചി: ഉത്തർപ്രദേശിലെ ബച്ച്‌വാൻ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ചരക്ക് ട്രെയിനിന്റെ വാഗണിന് മുകളില്‍ സിമന്റ് ചാക്ക് കുടുങ്ങിക്കിടന്നത് 2000 കിലോമീറ്റർ.
എറണാകുളം നോർത്ത് സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് സിമന്റ്ചാക്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതും താഴെയിറക്കിയതും. സുരക്ഷാവീഴ്ചയില്‍ റെയില്‍വേയും ആർ.പി.എഫും അന്വേഷണം തുടങ്ങി.
തിരുപ്പൂരില്‍ ചരക്കിറക്കി ജൂലായ് ആറിനാണ് എറണാകുളം മാർഷലിംഗ് യാർഡിലേക്ക് ചരക്ക് ട്രെയിൻ എത്തിയത്. 42 വാഗണുള്ള ട്രെയിനിന്റെ അഞ്ചാമത്തെ വാഗണിന് മുകളിലായിരുന്നു സിമന്റ് ചാക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം നോർത്ത് സ്റ്റേഷനിലെ റൂട്ട് റിലേ ക്യാബിന് (ആർ.ആർ ക്യാബിൻ) സമീപം സിഗ്നലിനായ് ട്രെയിൻ നിറുത്തിയിട്ടപ്പോള്‍ കാബിനില്‍ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററാണ് വാഗണിന് മുകളില്‍ സിമന്റ് ചാക്ക് കണ്ടത്. തിരുവനന്തപുരം റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിർദ്ദേശപ്രകാരം തൊഴിലാളികളെത്തി ചാക്ക് ഇറക്കിയ ശേഷം മാർഷലിംഗ് യാർഡിലേക്ക് അറ്റകുറ്റപ്പണിക്കായി യാത്ര തുടർന്നു.
തിരുപ്പൂരില്‍ സിമന്റ് ചാക്കുകള്‍ ഇറക്കിയിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇക്കാര്യം അന്വേഷിക്കാൻ ആർ.പി.എഫ് സംഘം ഇന്ന് യാത്രതിരിക്കും. വാഗണിന് മുകളില്‍ ചാക്ക് കിടന്നത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് അധികൃതർ പറഞ്ഞു. ഇലക്‌ട്രിക് ലൈനില്‍ തട്ടാനും യാത്രയ്‌ക്കിടെ സമീപത്തെ ട്രാക്കിലേക്ക് വീണ് അപകടമുണ്ടാകാനും സാദ്ധ്യതയേറെയായിരുന്നു.