ട്രെയിൻ യാത്രക്കിടയിൽ പൊലീസ് ജീവനക്കാരിയുടെ മാലപൊട്ടിച്ച കേസ് ; ബിരുദവിദ്യാർത്ഥി പിടിയിൽ

Spread the love

സ്വന്തം ലേഖിക

കൊട്ടിയം : തീവണ്ടിയിൽ യാത്രചെയ്യവേ പോലീസ് വകുപ്പിലെ ജീവനക്കാരിയുടെ സ്വർണമാല പൊട്ടിച്ച കേസിൽ ബിരുദവിദ്യാർഥിയെ റെയിൽവേ പോലീസ് പിടികൂടി. തിരുവനന്തപുരം കുടപ്പനക്കുന്ന് വയഴില 653 കൃഷ്ണയിൽ അഭിലാഷ് കൃഷ്ണ(19)നെയാണ് കൊല്ലം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം എസ്.എ.പി.ക്യാമ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരിജയലതയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ ജൂലായിൽ തിരുവനന്തപുരത്ത് മലബാർ എക്‌സ്പ്രസിലെ യാത്രക്കാരിയുടെ മാലപൊട്ടിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് റെയിൽവേ പോലീസ് പറഞ്ഞു.മയ്യനാട് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്കുമടങ്ങിയ ജയലത വാതിലിനടുത്ത സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു. സിഗ്‌നൽ ലഭിച്ച് വണ്ടി നീങ്ങിയ ഉടനെ ഇയാൾ ജയലതയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചു കൊണ്ട് ട്രെയിനിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. നാട്ടുകാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല.ട്രെയിനിൽ നിന്ന് മാല പൊട്ടിച്ചു കൊണ്ടോടിയ വിവരമറിഞ്ഞ് നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് സംശയാസ്പദമായി അഭിലാഷിനെ പിടികൂടുന്നത്. ഇരവിപുരം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

ഇതിനിടെ പോലീസ് മൊബൈൽ ഫോണിൽ ഇയാളുടെ ചിത്രങ്ങളെടുത്ത് മാല നഷ്ടപ്പെട്ട ജയലതയുടെ ഫോണിലേക്ക് അയച്ചു. മാല പൊട്ടിച്ചോടിയത് ഇയാളാണെന്ന് തിരിച്ചറിഞ്ഞതോടെ ഇരവിപുരം പോലീസ്, റെയിൽവേ പോലീസിന് കൈമാറി. സ്റ്റേഷനിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ഇയാൾ മോഷണം സമ്മതിച്ചത്.തിരുവനന്തപുരത്ത് ബിരുദവിദ്യാർഥിയാണ് അഭിലാഷ്.