
ഓണക്കാലമായതോടെ മലബാറില്‍ തീവണ്ടികളില്‍ തിരക്ക് ഏറിയിരിക്കുകയാണ്. സൂചികുത്താൻ ഇടമില്ലാത്തവിധം തിങ്ങിനിറഞ്ഞാണ് മിക്കവണ്ടികളും ഓടുന്നത്. മാവേലി, മലബാർ, ചെന്നൈ മെയില്‍ വണ്ടികളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. രാവിലെ മംഗലാപുരത്തേക്ക് പോകുന്ന മാവേലി, മലബാർ എക്സ്പ്രസുകള്‍ കണ്ടാല്‍ മലബാറിലെ ദുരിതയാത്രയുടെ അവസ്ഥ വ്യക്തമാവും. ഈ വണ്ടികളുടെ തിരിച്ചുള്ളയാത്രയിലും ഇതേ അവസ്ഥയാണ്. കുർള എക്സ്പ്രസാണ് തിരക്കേറിയ മറ്റൊരു വണ്ടി.
ബെംഗളൂരു യാത്രക്കാരുടെ ഏക ആശ്രയമായ കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസും തിരക്കുള്ള വേറൊരു വണ്ടിയാണ്. തിരക്ക് കൂടുതലായതിനാല്‍ പലരും ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് വരാൻ ഇപ്പോള്‍ ബസ് യാത്രയാണ് തിരഞ്ഞെടുക്കുന്നത്. ട്രെയിൻ യാത്രയുടെ മൂന്നിരട്ടിയിലേറെ ചെലവ് അതിനു വേണ്ടിവരും. എന്നിട്ടും വിദ്യാർഥികളടക്കമുള്ളവർ ബസിനെ ആശ്രയിക്കുന്നു. ഉദ്യോഗസ്ഥരുംമറ്റും ഏതാനുംപേർ ചേർന്ന് ഷെയറിട്ട് ടാക്സിവാഹനങ്ങളിലാണ് യാത്ര.
വൈകുന്നേരം അഞ്ചിനും ആറിനും മധ്യേയുള്ള ട്രെയിനുകളിലും തിരക്ക് ക്രമാതീതമാണ്. ആ സമയത്ത് പ്ലാറ്റ്ഫോമില്‍പ്പോലും ആള്‍ത്തിരക്കുണ്ട്. പലവണ്ടികളിലും വാതിലില്‍ തൂങ്ങിക്കിടന്നുവരെ ആളുകള്‍ യാത്രചെയ്യുന്നുണ്ട്. ഓണമാവുമ്പോഴേക്കും തിരക്ക് ഇനിയും കൂടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വാതന്ത്ര്യദിനവും ശനിയും ഞായറും അടുത്തടുത്തുവന്നതാണ് വ്യാഴാഴ്ചത്തെ ക്രമാതീതമായ തിരക്കിന് കാരണം. ഹൈവേ പണി നടക്കുന്നതിനാല്‍ കൂടുതല്‍പ്പേർ ഇപ്പോള്‍ തീവണ്ടിയെ ആശ്രയിക്കുന്നുണ്ട്. രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ചെന്നൈയില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള യാത്രക്കാർക്ക് അത് ഒട്ടും പ്രയോജനകരമല്ല.
ഇനി ഇതിന് പരിഹാരമെന്തെന്നാൽ നിലവിലുള്ള വണ്ടികളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കുക, പുതിയവണ്ടികള്‍ അനുവദിക്കുക എന്നിവയാണ്. മെമു സർവീസ് ആരംഭിച്ചാല്‍ മലബാറിന് ആശ്വാസവും. കേരളത്തില്‍ 16 മെമു ട്രെയിനുകള്‍ സർവീസ് നടത്തുമ്ബോള്‍ അതില്‍ ഒരെണ്ണംമാത്രമാണ് മലബാറിനുള്ളത്. മംഗലാപുരത്തും ഷൊർണൂരും വന്ന് ഏറെനേരം കിടക്കുന്ന വണ്ടികള്‍ കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടിയാല്‍ അത് യാത്രക്കാർക്ക് പ്രയോജനകരമാവും.
യാത്രക്കാരെ റെയില്‍വേ ഇങ്ങനെ വിഷമിപ്പിക്കരുത്. ഓരോ ഓണക്കാലത്തും ആവർത്തിക്കുന്ന പ്രശ്നമാണിത്. മലബാറിനോടുള്ള റെയില്‍വേ അവഗണനയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. സാധ്യതാപഠനം കഴിഞ്ഞ് അനുയോജ്യമെന്ന് കണ്ടെത്തിയ സമയത്തുപോലും റെയില്‍വേ ബോർഡ് പുതിയ വണ്ടികള്‍ അനുവദിക്കുന്നില്ല. ജനപ്രതിനിധികളും സംഘടനകളും ഈ ആവശ്യം ചൂണ്ടിക്കാട്ടിയിട്ടും റെയില്‍വേ ഇക്കാര്യം പരിഗണിക്കുന്നില്ല
ഉത്സവകാലങ്ങളില്‍ വണ്ടികളില്‍ തിരക്കുകൂടുന്നത് സാധാരണമാണ്. മലബാർ, മാവേലി എക്സ്പ്രസുകളില്‍ ഓരോ കോച്ച് വർധിപ്പിച്ചിട്ടുണ്ട്. രണ്ട് സ്പെഷ്യല്‍ ട്രെയിനുകളും അനുവദിച്ചു. കൂടുതല്‍ വണ്ടികള്‍ ഓടിക്കുന്നതിന് ഇപ്പോള്‍ അനുമതിയൊന്നും ലഭിച്ചിട്ടില്ല.