
കൊച്ചി: എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിനെത്തുടർന്ന് നാളെ മുതല്‍ ട്രെയിൻ സർവീസുകള്‍ക്ക് റെയില്‍വേ നിയന്ത്രണം ഏർപ്പെടുത്തി.
മാർച്ച് 18 മുതല്‍ 26 വരെയാണ് പ്രധാന നിയന്ത്രണങ്ങള്‍. കൊച്ചിയിലേക്കും തിരിച്ചുമുള്ള മെമു, പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകള്‍ പലതും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
യാത്രക്കാർ മുൻകൂട്ടി വിവരങ്ങള്‍ മനസ്സിലാക്കി യാത്ര ക്രമീകരിക്കണമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവീകരണ കാലയളവില്‍ പാലക്കാട്-എറണാകുളം മെമു ആലുവയില്‍ സർവീസ് അവസാനിപ്പിക്കും. എറണാകുളം-പാലക്കാട് മെമു 26 വരെ ആലുവയില്‍ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
ഗുരുവായൂർ-എറണാകുളം പാസഞ്ചർ ഇടപ്പള്ളിയിലും, കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിലും യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് ഈ ദിവസങ്ങളില്‍ കോട്ടയം വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ വഞ്ചിനാട് എക്സ്പ്രസ് സർവീസ് ഉണ്ടായിരിക്കില്ല.
വടക്കൻ കേരളത്തിലേക്കുള്ള യാത്രക്കാരെയും നിയന്ത്രണം ബാധിക്കും. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തിന് പകരം ആലുവയില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ ഈ ട്രെയിൻ സർവീസ് നടത്തില്ല.
കൂടാതെ, ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ് ഈ ദിവസങ്ങളില്‍ 30 മിനിറ്റ് വൈകിയായിരിക്കും ഓടുക. പ്ലാറ്റ്ഫോം നിർമ്മാണ പ്രവർത്തനങ്ങള്‍ വേഗത്തില്‍ പൂർത്തിയാക്കി സർവീസുകള്‍ പഴയപടിയാക്കാനാണ് റെയില്‍വേയുടെ തീരുമാനം.



