തിങ്കളിൽ തൂങ്ങി തുടക്കം, എട്ടുകോച്ചിൽ ഞെരിഞ്ഞമർന്ന് യാത്രക്കാർ ; കോട്ടയം ഭാഗത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്ര അതീവ ദുരിതമെന്ന് ട്രെയിൻ യാത്രികർ

Spread the love

കോട്ടയം :  തിങ്കളാഴ്ചകളിൽ രാവിലെ കോട്ടയം ഭാഗത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള ട്രെയിൻ യാത്ര അതീവ ദുരിതമായി തുടരുകയാണ്.

video
play-sharp-fill

തിരക്കിന് ആശ്വാസമായി അവതരിപ്പിച്ച സ്പെഷ്യൽ മെമുവിൽ കായംകുളം എത്തുമ്പോൾ തന്നെ വാതിൽപ്പടിവരെ തിങ്ങിനിറഞ്ഞ് യാത്രക്കാരുണ്ടാവും. കുത്തി നിറച്ച് യാത്രകരെയും കൊണ്ടാണ് വേണാടും കോട്ടയം സ്റ്റേഷനിലെത്തുന്നത്. പിന്നീടങ്ങോട്ടുള്ള ഓരോ സ്റ്റേഷനിലെയും യാത്രക്കാരുടെ അവസ്ഥ വളരെ ദയനീയമാണ്. അതിനിടയിൽ സാങ്കേതിക തകരാറുകൾ മൂലം ഇന്ന് വേണാട് വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

വേണാട് ഒരു മണിക്കൂറിലധികം വൈകുന്നുവെന്ന വാർത്ത യാത്രക്കാരുടെ ഗ്രൂപ്പിൽ പടർന്നതോടെ എട്ടുകോച്ചുള്ള സ്പെഷ്യൽ മെമുവിലേക്ക് ആളുകൾ ഇരച്ചുകയറുകയാരിരുന്നു. പല സ്റ്റേഷനിലും ട്രെയിൻ നീങ്ങി തുടങ്ങിയിട്ടും കയറിപറ്റാൻ യാത്രക്കാർ തിരക്ക് കൂട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വഴി രാവിലെ എറണാകുളത്തേയ്ക്ക് സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും സമാനമായ സാഹചര്യമാണ്. തിങ്കളാഴ്ചകളിൽ തൃപ്പണിത്തുറയിലേയ്ക്കുള്ള പ്രതിവാരയാത്രക്കാരും കൂടി എത്തുന്നതോടെ തിരക്ക് പാരമ്യത്തിലെത്തുന്നു.

തിരുവനന്തപുരത്ത് നിന്ന് തൃപ്പൂണിത്തുറയിലേയ്ക്കുള്ള ആദ്യ സർവീസായ വേണാട് ഇരുദിശയിലേയ്‌ക്കും നിറഞ്ഞാണ് എന്നും സർവീസ് നടത്തുന്നത്. പാൻട്രികാർ ഒഴിവാക്കി ജനറൽ കോച്ച് കൂട്ടിച്ചേർത്തെങ്കിലും തിരക്കിന് ശമനമായിട്ടില്ല. സ്പെഷ്യൽ മെമുവിലെ കോച്ചുകൾ വർദ്ധിപ്പിക്കാത്തതും വേണാടിലെ തിരക്ക് വർദ്ധിപ്പിക്കുന്നു.

രാവിലെ വന്ദേ ഭാരതിന് ശേഷം കോട്ടയത്ത് നിന്ന് ഒരു സർവീസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട്. കോട്ടയം സ്റ്റേഷൻ നവീകരിച്ചെങ്കിലും പുതുതായി ഒരു സർവീസ് പോലും അനുവദിക്കാത്തതും ജില്ലയുടെ യാത്രാക്ലേശം വർദ്ധിപ്പിക്കുന്നു.

വൈകുന്നേരം കോട്ടയത്ത് നിന്ന് കൊല്ലത്തേയ്ക്കുള്ള മെമുവിലും വാഗൺ ട്രാജഡിയാണെന്ന് യാത്രക്കാർ പറയുന്നു. യാത്രാക്ലേശം പരിഹരിക്കാൻ ഓഫീസ് സമയങ്ങളിൽ കൂടുതൽ മെമു സർവീസുകൾ പരിഗണിക്കണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജില്ലാ ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ ആവശ്യപ്പെട്ടു.

വൈകുന്നേരം എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്കുള്ള തിരക്കും പരിഹാരമില്ലാതെ തുടരുകയാണ്. പരശുറാമിന് ശേഷം മൂന്നുമണിക്കൂറിന് ശേഷം തൃപ്പൂണിത്തുറയിലെത്തുന്ന വേണാട് അപകടകരമായ സാഹചര്യത്തിലാണ് സ്റ്റേഷൻ വിടുന്നത്. ഉച്ചകഴിഞ്ഞ് 02.40 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് കോവിഡിന് മുമ്പ് സർവീസ് നടത്തിക്കൊണ്ടിരുന്ന മെമു റദ്ദാക്കിയതും വൈകുന്നേരത്തെ വേണാടിലെ തിരക്ക് നിയന്ത്രണാതീതമാകാൻ കാരണമാകുന്നു.

ഗുരുവായൂർ എറണാകുളം പാസഞ്ചർ കോട്ടയത്തേയ്ക്ക് നീട്ടണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും യാത്രക്കാർ.