
കോട്ടയം: ചിങ്ങവനം മുതൽ എറണാകുളം വരെയുള്ളതും കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ടതുമായ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പുതുതായി കൊല്ലത്ത് നിന്ന് ആരംഭിച്ച സ്പെഷ്യൽ മെമ്മു ഉൾപ്പെടെ വിവിധ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
റയിൽവേയുമായ ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ റയിൽവേ മന്ത്രിയെ നേരിട്ട് കണ്ട് ചർച്ച നടത്തിയപ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൊല്ലം മുതൽ ചങ്ങനാശ്ശേരി വരെയുള്ള എല്ലാ ഹാൾട്ട് സ്റ്റേഷനുകളിലും പുതിയ മെമ്മുന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ചിങ്ങവനം, കുമാരനല്ലൂർ,കടുത്തുരുത്തി, കാഞ്ഞിരമറ്റം,ചോറ്റാനിക്കര എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാത്തത് കടുത്ത വിവേചനമാണന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയതായി ആരംഭിച്ച ഈ ട്രെയിനിൽ കമ്പാർട്ടുമെൻ്റുകളുടെ കുറവ് വലിയ തിരക്കിന് കാരണമായി തീർന്നിരിക്കുകയാണ്. കാല് കുത്താൻ പോലും ഇടമില്ലാത്ത വിധം തിങ്ങി നിറഞ്ഞാണ് എല്ലാ ദിവസവും ഈ ട്രയിൽ സർവ്വീസ് നടത്തുന്നത്. അതിനാൽ കമ്പാർട്ടുമെൻ്റുകളുടെ എണ്ണം അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
ഈ ട്രയിൻ ശനി, ഞായർ ദിവസങ്ങളിൽ സർവ്വീസ് നടത്തുന്നില്ല. ആഴ്ചയിൽ എല്ലാ ദിവസവും സർവ്വീസ് നടത്തുവാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതും ആറ് പ്ലാറ്റ് ഫോമുകൾ ഉള്ളതുമായ കോട്ടയം റയിൽവേ സ്റ്റേഷനിൽ നിന്നും പുതീയ ട്രയിനുകൾ ആരംഭിക്കണമെന്നും, ഇപ്പോൾ എറണാകുളം വരെ സർവ്വീസ് നടത്തുന്ന ട്രയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്നും കേന്ദ്ര റയിൽവേ മന്ത്രിയോട് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.
എറണാകുളം ബാഗ്ലൂരു ഇൻ്റർസിറ്റി,കാരക്കൽ എറണാകുളം, ലോകമാന്യ തിലക് എറണാകുളം,മദ്ഗാവ് എറണാകുളം,പൂണൈ എറണാകുളം, കണ്ണൂർ എറണാകുളം എന്നീ എക്സ്പ്രസ് ട്രയിനുകൾ കോട്ടയം വരെ നീട്ടണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം കായംകുളം മെമ്മു പാസഞ്ചർ ട്രയിന് ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, മുളന്തുരുത്തി സ്റ്റേഷനുകളിലും, വേണാട് എക്സ്പ്രസിന് വൈക്കം റോഡ് സ്റ്റേഷനിലും,
വഞ്ചിനാട്,മലബാർ എക്സ്പ്രസ് ട്രയിനുകൾക്ക് ഏറ്റുമാനൂരിലും വേളാങ്കണ്ണി എക്സ്പ്രസിന് കുറുപ്പന്തറയിലും സ്റ്റോപ്പ് അനുവദിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട വിവിധ സ്റ്റേഷനുകളിൽ നടപ്പാക്കേണ്ട വിവിധ വികസന ആവശ്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
കോട്ടയം റയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിൻ്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്ന് റയിൽവേ മന്ത്രി ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എംപി. അറിയിച്ചു.



