“രണ്ടുമണിക്കൂര്‍, മകളെ ചേര്‍ത്തുപിടിച്ച്‌ നിസ്സഹായനായി ഞാനിരുന്നു; ഓരോ സ്റ്റേഷനിലെത്തുമ്പോഴും പ്രതീക്ഷിച്ചു;റെയില്‍വേ പോലീസെത്തുമെന്ന്; പ്രതീക്ഷ വെറുതേയായിരുന്നു; എനിക്കും മകള്‍ക്കും നേരെ ഭീഷണി മുഴക്കിക്കൊണ്ട് വിവിധ സ്റ്റേഷനുകളിലായി അവരോരുത്തരും ഇറങ്ങിപ്പോയി; ട്രെയിനിൽ മകൾക്ക് നേരിടേണ്ടി വന്ന അതിക്രമത്തില്‍ പിതാവ് പറയുന്നതിങ്ങനെ

Spread the love

 

സ്വന്തം ലേഖിക

തൃശ്ശൂര്‍: ട്രെയിനിൽ അച്ഛനോടൊപ്പം യാത്ര ചെയ്യവെ പെൺകുട്ടിയ്ക്ക് നേരിടേണ്ടി വന്ന അനുഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് . അതിക്രമം നടത്തിയത് 50 വയസിന് മുകളില്‍ പ്രായമുള്ള ആറ് പേര്‍ ചേര്‍ന്നാണെന്നാണ് പെണ്‍കുട്ടിയും പിതാവും വെളിപ്പെടുത്തിയത്.

“രണ്ടുമണിക്കൂര്‍, മകളെ ചേര്‍ത്തുപിടിച്ച്‌ നിസ്സഹായനായി ഞാനിരുന്നു. ഓരോ സ്റ്റേഷനിലെത്തുമ്ബോഴും പ്രതീക്ഷിച്ചു, റെയില്‍വേ പോലീസെത്തുമെന്ന്. പ്രതീക്ഷ വെറുതേയായിരുന്നു. എനിക്കും മകള്‍ക്കുംനേരെ ഭീഷണി മുഴക്കിക്കൊണ്ട് വിവിധ സ്റ്റേഷനുകളിലായി അവരോരുത്തരും ഇറങ്ങിപ്പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ ഞങ്ങള്‍ക്ക് ഇറങ്ങേണ്ട ഇടമെത്തി. അവിടെ റെയില്‍വേ പോലീസ് കാത്തുനിന്നിരുന്നു. അപമര്യാദയായി പെരുമാറിയത് ചോദ്യംചെയ്തതാണോ ഞാനും മകളും ചെയ്ത തെറ്റ്.” -ഇത്രയും പറഞ്ഞപ്പോഴേക്കും ആ അച്ഛന്റെ വാക്കുകള്‍ ഇടറി. അച്ഛനു പിന്നില്‍ മറഞ്ഞുനിന്നിരുന്ന ആ പതിനാറുകാരിയുടെ കണ്ണുകളില്‍ ഭയം നിഴലിച്ചിരുന്നു.

ശനിയാഴ്ച രാത്രി 7.50-ന് ഗുരുവായൂരിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ എറണാകുളം സൗത്ത് ജങ്ഷനില്‍നിന്ന് പുറപ്പെടുന്നതിന് 10 പത്തുമിനിറ്റുമുന്‍പേ ഇരുവരും കയറിയിരുന്നു. പിറകില്‍ ഗാര്‍ഡിന്റെ കാബിന്റെ തൊട്ട് മുന്നിലുണ്ടായിരുന്ന പകുതി കമ്ബാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. അച്ഛന്റെ കാലില്‍ മുറിവുണ്ടായിരുന്നതിനാല്‍ നടക്കാനുള്ള ബുദ്ധിമുട്ടുണ്ടായിരുന്നു.

“ട്രെയിനില്‍ കയറിയ ഉടന്‍ മകളുടെ മടിയില്‍ തലവെച്ച്‌ കിടന്ന് ഞാന്‍ ഒന്നുമയങ്ങിപ്പോയി. നോര്‍ത്ത് സ്റ്റേഷനിലെത്തിയപ്പോഴേക്കും മകള്‍ എന്നെ വിളിച്ചുണര്‍ത്തി. മുന്നിലിരുന്നയാള്‍ കാലില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതായും തുറിച്ചുനോക്കുന്നതായും അവള്‍ പറഞ്ഞു. ഞാനക്കാര്യം അയാളോട് ചോദിച്ചപ്പോഴേക്കും അയാള്‍ വളരെ മോശം ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. എന്നെ പിടിച്ചുതള്ളാനും മകളുടെ കൈയിലിരുന്ന മൊബൈല്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു”.

തുടര്‍ന്ന് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന അയാളുടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. അവരും അപമര്യാദയായി പെരുമാറി-ആ അച്ഛന്‍ പറയുന്നു.”അവരെല്ലാവരും പ്രായമുള്ള ആളുകളായിരുന്നു. ബോഗിയില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഉള്ളവരില്‍ മലപ്പുറം സ്വദേശിയായ ഒരു ചേട്ടന്‍ മാത്രമാണ് ഞങ്ങളെ സഹായിക്കാനെത്തിയത്. അയാളെ അവര്‍ സംഘംചേര്‍ന്ന് മര്‍ദിച്ചു” -അവളുടെ വാക്കുകളില്‍ ഭയം.

“വണ്ടി ഇടപ്പള്ളിയിലെത്തിയപ്പോള്‍ ഞാന്‍ ഗാര്‍ഡിനെ വിവരമറിയിച്ചു. അദ്ദേഹം വന്ന് മോശമായി പെരുമാറിയ ആളുടെ കൈവശമിരുന്ന കാര്‍ഡിന്റെ ഫോട്ടോയെടുത്തു. ചാലക്കുടിയിലെത്തിയാല്‍ പോലീസ് വരുമെന്നറിയിച്ച്‌ മടങ്ങിപ്പോയി. ആലുവമുതല്‍ അക്രമിസംഘത്തിലെ ഓരോരുത്തരായി ഇറങ്ങിപ്പോയി. അവസാനത്തെയാള്‍ ഇരിങ്ങാലക്കുടയിലും. ഇതിനിടെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസുമായി ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടു. അവരാണ് തൃശ്ശൂര്‍ റെയില്‍വേ പോലീസില്‍ വിവരമറിയിച്ചത്. തൃശ്ശൂര്‍ സ്റ്റേഷനില്‍ റെയില്‍വേ പോലീസ് ഞങ്ങളെ കാത്തുനിന്നിരുന്നു. ഇടപ്പള്ളി സ്റ്റേഷനുശേഷം ഗാര്‍ഡ് ഞങ്ങളെ തിരിഞ്ഞുനോക്കിയില്ല. അവരോരുത്തരുടെയും മുഖം മനസ്സിലുണ്ട്. നീതി കിട്ടണം. ഇനിയാര്‍ക്കും ഇത്തരമൊരു അനുഭവമുണ്ടാകരുത്” -ആ അച്ഛന്‍ തറപ്പിച്ചുപറയുന്നു.

പോക്‌സോ നിയമപ്രകാരം കേസ്

സംഭവത്തില്‍ ആറുപേര്‍ക്കെതിരേ റെയില്‍വേ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതികളിലൊരാളെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. റെയില്‍വേ പോലീസ് ഞായറാഴ്ച കുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു. ഗാര്‍ഡ് ഇടപ്പള്ളിയില്‍ നിന്നുതന്നെ റെയില്‍വേ പോലീസിന് വിവരം നല്‍കിയതായാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. ഇടപ്പള്ളിക്കും തൃശ്ശൂരിനുമിടയില്‍ ഒമ്ബത് സ്റ്റേഷനുണ്ടായിട്ടും റെയില്‍വേ പോലീസ് ഇവരുടെ സഹായത്തിനെത്തിയില്ല