ട്രെയിൻ വൈകി, പരീക്ഷ എഴുതാനായില്ല; 9.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി; ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിൽ വിദ്യാർത്ഥിനിക്ക് അനുകൂല വിധി

Spread the love

ലഖ്നൗ: ട്രെയിൻ വൈകിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിനിക്ക് നഷ്ടപരിഹാരം നൽകാൻ ഇന്ത്യൻ റെയിൽവേയോട് ഉത്തരവിട്ട് ഉത്തർപ്രദേശിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ.

video
play-sharp-fill

45 ദിവസത്തിനകം റെയിൽവേ നഷ്ടപരിഹാരത്തുക നൽകണമെന്നും ഇതിൽ വീഴ്ചവരുത്തിയാൽ 12 ശതമാനം പലിശ കൂടി നൽകണമെന്നും ഉത്തരവിലുണ്ട്.

ഏഴുവർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് ഉപഭോക്തൃ കമ്മിഷനിൽനിന്ന് അനുകൂല വിധിയുണ്ടായതെന്ന് സമൃദ്ധിയുടെ അഭിഭാഷകനായ പ്രഭാകർ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. 2018 മെയ് ഏഴാം തീയതിയാണ് ട്രെയിൻ വൈകിയതിനാൽ സമൃദ്ധിക്ക് ബിഎസ്സി ബയോടെക്നോളജി കോഴ്‌സിനുള്ള എൻട്രസ് പരീക്ഷ എഴുതാൻ കഴിയാതെപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻട്രൻസ് പരീക്ഷയ്ക്കായി സമൃദ്ധി ഒരുവർഷത്തോളം നീണ്ട പരിശീലനം നടത്തിയിരുന്നു. 2018 മെയ് ഏഴിന് ലഖ്നൗവിലായിരുന്നു പരീക്ഷ. ലഖ്നൗവില ജയ്നാരായൺ പിജി കോളേജായിരുന്നു പരീക്ഷാകേന്ദ്രം. ലഖ്നൗവിലേക്ക് പോകാനായി ബസ്തിയിൽനിന്ന് ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിൽ സമൃദ്ധി ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ 11 മണിയോടെയാണ് ഈ ട്രെയിൻ ലഖ്നൗവിൽ എത്തേണ്ടിയിരുന്നത്. 12.30 ആയിരുന്നു പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടിയിരുന്ന സമയം. എന്നാൽ, അന്നേദിവസം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രണ്ടരമണിക്കൂറോളം വൈകി. ഇതോടെ വിദ്യാർഥിനിക്ക് പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായി.

സംഭവത്തിന് പിന്നാലെ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഭിഭാഷകൻ മുഖേന സമൃദ്ധി ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. കമ്മിഷൻ റെയിൽവേ മന്ത്രാലയത്തിനും റെയിൽവേ ജനറൽ മാനേജർക്കും സ്റ്റേഷൻ സൂപ്രണ്ടിനും നോട്ടീസ് അയച്ചു.

എന്നാൽ, നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. പിന്നീട് കമ്മിഷൻ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ടു. സമയബന്ധിതമായി സേവനം ഉറപ്പുവരുത്തുന്നതിൽ റെയിൽവേ പരാജയപ്പെട്ടെന്നായിരുന്നു കമ്മിഷന്റെ നിരീക്ഷണം.

ട്രെയിൻ വൈകിയെന്നത് റെയിൽവേ സമ്മതിച്ചെങ്കിലും ഇതിന് കൃത്യമായ വിശദീകരണം നൽകാനായില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.