
കണ്ണൂർ: തീവണ്ടികളില്‍ മുതിർന്ന യാത്രക്കാർക്കായി പ്രത്യേക കോച്ച് ഘടിപ്പിക്കാനൊരുങ്ങി റെയില്‍വേ.
മുതിർന്നവരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രക്കുമാണ് ഈ നീക്കം. മുംബൈ ഛത്രപതി ശിവജി ടെർമിനസ്-ഡോംബിവിലി പാസഞ്ചർ എമുവില്‍ (ഇലക്‌ട്രിക് മള്‍ട്ടിപ്പിള്‍ യുണിറ്റ്) പ്രത്യേക കോച്ച് ഘടിപ്പിച്ചു. ഈ സമഗ്രമായ നടപടികളിലൂടെ സുഗമവും സുഖകരവുമായ യാത്രാനുഭവങ്ങള്‍ നല്‍കുന്നതില്‍ ഇന്ത്യൻ റെയില്‍വേ പ്രതിജ്ഞാബദ്ധമാണ്.
വണ്ടിയിലെ ആറാമത്തെ കോച്ചിന്റെ ലഗേജ് സ്ഥലം മുതിർന്ന യാത്രക്കാർക്കുവേണ്ടി മാത്രം പുനർരൂപകല്പന ചെയ്യുകയായിരുന്നു. മൂന്ന് സീറ്റ്, രണ്ട് സീറ്റ് യൂണിറ്റുകളായാണ് ഇരിപ്പിടസൗകര്യം ഒരുക്കിയത്.
സുരക്ഷാസംവിധാനങ്ങളും പ്രത്യേക ഏണിപ്പടികളും ആകർഷകമായ അകത്തളവും കോച്ചിന്റെ പ്രത്യേകതയാണ്. നിലവില്‍ ഇന്ത്യയിലെ തീവണ്ടികളില്‍ അംഗപരിമിതർക്കാണ് പ്രത്യേക കോച്ചുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളം ഉള്‍പ്പെടെയുള്ള സോണുകളില്‍ വൈകാതെ ഇത്തരം കോച്ച് വരുമെന്നാണ് സുചന. 2020 മാർച്ച് 20 മുതല്‍ മുതിർന്ന യാത്രക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന സൗജന്യ നിരക്ക് റെയില്‍വേ എടുത്തുകളഞ്ഞിരുന്നു. 60 വയസ്സിന് മുകളിലുള്ള പുരുഷൻമാർക്കും 58 കഴിഞ്ഞ സ്ത്രീകള്‍ക്കുമാണ് ആനുകൂല്യങ്ങള്‍ ഇല്ലാതായത്.
ഒരു വണ്ടിയില്‍ ആകെയുള്ള ലോവർ ബർത്തിന്റെ 10 ശതമാനം ക്വാട്ട മാത്രമാണ് ഇപ്പോള്‍ കിട്ടുന്ന ഏക ആശ്വാസം. ഇളവ് ഒഴിവാക്കിയതിലൂടെ റെയില്‍വേക്ക് ഒരുവർഷം ലഭിക്കുന്നത് രണ്ടായിരത്തിലധികം കോടി രൂപയാണ്.