കോട്ടയത്ത് വീണ്ടും കേരള എക്സ്പ്രസില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം;പ്രതിയെ സഹയാത്രികർ ചേർന്ന് പിടികൂടി; റെയില്‍വേ പോലീസിന് കൈമാറി

Spread the love

കോട്ടയം:’ഓപ്പറേഷൻ രക്ഷിത’ പരിശോധനക്കിടെ വീണ്ടും കേരള എക്സ്പ്രസില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം.

video
play-sharp-fill

തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച കേരള എക്സ്പ്രസ് ട്രെയിനിലാണ് മദ്യലഹരിയിലായിരുന്ന ഒരാള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചത്.

ഇയാളെ സഹയാത്രികർ ചേർന്ന് പിടികൂടി റെയില്‍വേ പോലീസിന് കൈമാറി. ഇന്നലെ വൈകുന്നേരം ചങ്ങനാശ്ശേരിക്ക് സമീപമാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിൻ കോട്ടയം സ്റ്റേഷൻ വിട്ട ഉടനെയാണ് മദ്യപിച്ചിരുന്ന യാത്രക്കാരൻ സ്ത്രീകളോട് മോശമായി പെരുമാറാൻ തുടങ്ങിയത്. സ്ത്രീകള്‍ ഒഴിഞ്ഞുമാറിയിട്ടും ഇയാള്‍ പിന്തുടർന്ന് ശല്യം ചെയ്യുന്നത് തുടർന്നതോടെ മറ്റ് യാത്രക്കാർ ഇടപെടുകയായിരുന്നു.

സഹയാത്രികരായ പുരുഷന്മാർ പ്രതിയെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഇയാളുടെ ഷർട്ട് ഉപയോഗിച്ച്‌ തന്നെ കൈകള്‍ കെട്ടിയിട്ട ശേഷം യാത്രക്കാർ നിലത്ത് കിടത്തുകയായിരുന്നു.

പിടിയിലായയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യാത്രക്കാർ ഒന്നിച്ച്‌ ചേർന്ന് ഇയാളെ ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനില്‍ എത്തുന്നതുവരെ തടഞ്ഞുവെച്ചു.

ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതിയെ റെയില്‍വേ പോലീസിന് കൈമാറി. ദിവസങ്ങള്‍ക്ക് മുമ്ബ്, വർക്കലയില്‍ വെച്ച്‌ കേരള എക്സ്പ്രസില്‍ വെച്ച്‌ തന്നെ ഒരു മദ്യപനായ യാത്രക്കാരൻ യുവതിയെ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട സംഭവം ഉണ്ടായിരുന്നു.

ഈ പശ്ചാത്തലത്തില്‍, ട്രെയിനുകളിലും സ്റ്റേഷനുകളിലും മദ്യപിച്ച്‌ യാത്ര ചെയ്യുന്നവരെ കണ്ടെത്താനായി പോലീസും ആർ.പി.എഫും ചേർന്ന് ‘ഓപ്പറേഷൻ രക്ഷിത’ എന്ന പേരില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഈ പരിശോധനകള്‍ക്കിടയിലാണ് വീണ്ടും കേരള എക്സ്പ്രസില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം റിപ്പോർട്ട് ചെയ്തത്