
സ്വന്തം ലേഖകൻ
കണ്ണൂർ : കോഴിക്കോട് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തിയ കേസിൽ എൻഐഎ സംഘം കണ്ണൂരിലെത്തി. കൊച്ചി, ബെംഗളൂരു ഓഫിസിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. തീവയ്പ്പുണ്ടായ ബോഗി ഇവർ പരിശോധിച്ചു. ആർപിഎഫ് സതേൺ റെയിൽവേ സോണൽ ഐജി ജി.എം. ഈശ്വര റാവുവും ബോഗി പരിശോധിച്ചിരുന്നു.
അതേസമയം ട്രെയിനിൽ യാത്രക്കാരുടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തിയ കേസിൽ ഒരാൾ ഉത്തർപ്രദേശിൽ പിടിയിലായെന്നു സൂചന. ബുലന്ദ്ഷഹറിൽനിന്നാണ് ഉത്തർപ്രദേശ് പൊലീസ് ഇരുപത്തിയഞ്ചുകാരനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിനായി കേരള പൊലീസ് സംഘം യുപിയിൽ എത്തിയിരുന്നു. യുപി നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി എന്നയാളാണ് കേസിലെ പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച രാത്രിയാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിലെ യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തിയത്. അക്രമത്തിൽ ഒൻപതു പേർക്ക് പൊള്ളലേറ്റു.
പിഞ്ചുകുഞ്ഞ് അടക്കം 3 പേരെ ട്രാക്കിൽ മരിച്ചനിലയിലും കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും മകൾ സെഹ്റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം കൊട്ടാരത്തിൽ പുതിയപുര നൗഫീഖ് (38) എന്നിവരാണ് മരിച്ചത്. രക്ഷപ്പെടാൻ ട്രെയിനിൽനിന്നു ചാടിയതിനെത്തുടർന്നാണ് മൂവരും മരിച്ചതെന്നാണു നിഗമനം.