ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടി കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ട് ട്രാക്കിലേക്ക് വീണു; ആർപിഎഫ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ് ; അപകടത്തിന്റെ വീഡിയോ പങ്കുവെച്ച് റെയിൽവേ

Spread the love

മുംബൈ: സ്റ്റേഷനില്‍ നിന്നും ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് യാത്രക്കാര്‍ക്ക് അറിയാമെങ്കിലും ചില സാഹചര്യങ്ങളില്‍ പലരും അത്തരം മുന്നറിയിപ്പുകൾ മറന്ന് പോകുന്നു. ഇത് വലിയ അപകടങ്ങളാണ് വിളിച്ച് വരുത്തുന്നത്. അത്തരമൊരു നടുക്കുന്ന കാഴ്ചയിൽ നിന്നും ആശ്വാസത്തിന്‍റെ ദീർഘ നിശ്വാസത്തിലേക്ക് കാഴ്ചക്കാരനെ എത്തിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

വെസ്റ്റേണ്‍ റെയില്‍വേയുടെ ഔദ്ധ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവയ്ക്കപ്പെട്ട സിസിടിവി ദൃശ്യങ്ങളില്‍ ഒരു യുവാവ് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ ഓടി വരുന്നത് കാണാം. ഇയാളുടെ ഇരുതോളിലും ഭാരമേറിയ ബാഗുകൾ തൂങ്ങിക്കിടന്നിരുന്നു. ഒരു ആര്‍പിഫ് ഉദ്യോഗസ്ഥന് തൊട്ട് മുന്നിൽ വച്ച് യുവാവ്, സ്റ്റേഷനില്‍ നിന്നും ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നു. വണ്ടി അത്യാവശ്യം വേഗത കൈവരിച്ച സമയമായതും ബാഗുകളുടെ ഭാരം മൂലവും യുവാവിന് ട്രെയിനിന്‍റെ വാതിലിലെ കമ്പിയിൽ പിടിമുറുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ സ്റ്റേഷനില്‍ നിന്ന് കാലെടുത്തതും അയാൾ സ്റ്റേഷനും ട്രെയിനും ഇടയിലെ വിടവിലൂടെ പാളത്തിലേക്ക് വീണു.

ഭയപ്പെടുത്തുന്ന ആ നിമിഷം, ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പെട്ടെന്ന് തന്നെ ഓടിയെത്തുകയും യുവാവിന്‍റെ ബാഗിലും പിന്നാലെ കൈയിലും പിടിത്തമിട്ട് നിമിഷങ്ങൾക്കുള്ളില്‍ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റുന്നു. ഈ സമയമാകുമ്പോഴേക്കും ഒന്ന് രണ്ട് പേര്‍ കൂടി പ്ലാറ്റ്ഫോമിലൂടെ ഓടി ഇരുവര്‍ക്കും അടുത്തെത്തുന്നതും വീഡിയോയില്‍ കാണാം. ‘നിങ്ങൾക്ക് ഒരു ജീവിതമുണ്ട്. ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിലൂടെയും കയറുന്നതിലൂടെയും അതിനെ അപകടത്തിലാക്കരുത്.’ വീഡിയോ പങ്കുവച്ച് കൊണ്ട് വെസ്റ്റേണ്‍ റെയില്‍വേ കുറിച്ചു.

മുംബൈ അന്ധേരി റെയില്‍വേ സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെട്ട ലോക് ശക്തി എക്സ്പ്രസില്‍ കയറാന്‍ ശ്രമിച്ച നാല്പതുകാരനായ യാത്രക്കാരനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സമീപത്ത് ഉണ്ടായിരുന്ന ആര്‍പിഎഫ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടർ പഹൂപ് സിംഗിന്‍റെ സമയോജിതമായ ഇടപെടലാണ് യുവാവിന്‍റെ ജീവന്‍ രക്ഷിച്ചത്. അന്ധേരിയിലെ സെവൻ ബംഗ്ലാവിലെ താമസക്കാരനായ രാജേന്ദ്ര മംഗിലാൽ (40) ആണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ച് കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group