
ഏറ്റുമാനൂർ: എറണാകുളത്തുനിന്ന് വൈകുന്നേരം കോട്ടയത്തേക്കുള്ള യാത്രാക്ലേശം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിൻ കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു.
വൈകുന്നേരം വേണാട്, മെമു ട്രെയിനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തൃപ്പൂണിത്തുറയില്‍നിന്ന് മിക്ക ട്രെയിനുകളും തിങ്ങിനിറഞ്ഞാണ് വരുന്നത്. ചവിട്ടുപടിയില്‍ വരെ യാത്രക്കാർ നില്ക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ വേണാടിനു മുമ്പ് കോട്ടയം ഭാഗത്തേക്ക് ഒരു ട്രെയിൻ വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
ആയിരക്കണക്കിന് പ്രതിദിന യാത്രക്കാരാണ് കോട്ടയം ജില്ലയില്‍നിന്ന് എറണാകുളത്തെ വിവിധ ഓഫീസുകളില്‍ ജോലി ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നത്. എന്നാല്‍, വൈകുന്നേരം ആവശ്യത്തിന് ട്രെയിനുകള്‍ ഇല്ല. വൈകുന്നേരം 03.50ന് എറണാകുളം ടൗണില്‍ എത്തിച്ചേരുന്ന 56317 ഗുരുവായൂർ – എറണാകുളം പാസഞ്ചർ ട്രെയിൻ കോട്ടയത്തേക്ക് നീട്ടിയാല്‍ വൈകുന്നേരത്തെ തിരക്കിന് വലിയൊരളവുവരെ പരിഹാരമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
കോട്ടയം വരെ ഒരു ട്രെയിൻ ലഭിച്ചാല്‍ അത്രയും തിരക്ക് കുറയുമെന്ന ആശ്വാസമാണ് വേണാടിലെ ദീർഘദൂര യാത്രക്കാർക്കും പങ്കുവയ്ക്കാനുള്ളത്. എറണാകുളം ജംഗ്ഷനിലെ പ്ലാറ്റ് ഫോം ദൗർലഭ്യത്തിനും പാസഞ്ചർ കോട്ടയത്തേക്ക് ദീർഘിപ്പിക്കുന്നതിലൂടെ പരിഹാരമാകും. കോട്ടയത്തുനിന്ന് വൈകുന്നേരം 06.15 പുറപ്പെട്ടാല്‍ 56318 എറണാകുളം-ഗുരുവായൂർ പാസഞ്ചറിന്റെ ഷെഡ്യൂള്‍ഡ് സമയമായ 07.48ന് തന്നെ എറണാകുളം ടൗണില്‍ എത്തിച്ചേരാനും സാധിക്കും. റേക്ക് ഷെയറില്‍ ചെറിയ മാറ്റം വരുത്തിയാല്‍ വളരെ എളുപ്പത്തില്‍ സാധ്യമാകുന്ന സർവീസിന് ജനപ്രതിനിധികളുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകുന്നേരം 05.20നു ശേഷം രാത്രി 09.45ന് മാത്രമാണ് ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം, മുളന്തുരുത്തി സ്റ്റേഷനുകളില്‍ സ്റ്റോപ്പുള്ള അടുത്ത സർവീസുള്ളത്. ജില്ലയിലെ വിവിധ ഓഫീസുകളില്‍ ജോലി ആവശ്യങ്ങള്‍ക്കായി എത്തുന്നവരും ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്.
56317/18 ഗുരുവായൂർ- എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് എത്തുന്നതോടെ ജില്ലയിലെ യാത്രാക്ലേശത്തിന് വലിയ തോതില്‍ ആശ്വാസമാകുമെന്നു മാത്രമല്ല, കോട്ടയത്തുനിന്ന് കൊല്ലത്തേക്കുള്ള 66315 മെമുവിന് കണക്ഷൻ ലഭിക്കുകയും ചെയ്യും. ഇതോടെ തെക്കൻ ജില്ലകളിലേക്കുള്ള യാത്രയും സുഗമമാകുമെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്, ഓള് കേരള റെയില്‍വേ യൂസേഴ്സ്അസോസിയേഷൻ അടക്കം വിവിധ പാസഞ്ചർ അസോസിയേഷനുകള്‍ ചൂണ്ടിക്കാട്ടുന്നു