ട്രായുടേത് കാലഘട്ടത്തിന് നിരക്കാത്ത താരിഫ്: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
സ്വന്തം ലേഖകൻ
കോട്ടയം: ട്രായുടെ പുതിയ താരിഫ് നിരക്ക് കാലഘട്ടത്തിന് യോജിക്കാത്തതെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജന സെക്രട്ടറി കെ വി രാജന്‍. കേബിള്‍ ടിവി മേഖലയിലെ സംഘടനകളുമായി കൂടിയാലോചിക്കാതെയാണ് പുതിയ താരിഫ് നിരക്ക് പ്രഖ്യാപിച്ചത്. കേബിള്‍ ടിവി ഓപ്പറേറ്റര്‍രുടെ അനുബന്ധ ചിലവുകള്‍ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും കെ വി രാജന്‍ പറഞ്ഞു.
കേബിള്‍ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ടിവി ചാനലുകളുടെ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു കൊണ്ട് ട്രായ പുറത്തിറക്കിയ പുതിയ താരിഫ് നിരക്കിലെ അപാകതകള്‍ സിഒഎ സംസ്ഥാന ജന സെക്രട്ടറി കെ വി രാജന്‍ ചൂണ്ടിക്കാട്ടിയത്. പുതിയ താരിഫ് നിരക്കുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പൂര്‍ണ്ണമായും നടപ്പാക്കിയാല്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഈ രംഗത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടുകയും പൂര്‍ണ്ണമായും എംഎസ്ഒകള്‍ സിഗ്നല്‍ വിതരണത്തെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുമെന്ന് കെ വി രാജന്‍ പറഞ്ഞു. 6 വര്‍ഷം മുമ്പ് നിശ്ചയിച്ച തുകയാണ് 130 രൂപയ്ക്ക് 100 ചാനലുകള്‍ എന്നത്. അതിന് ശേഷം എല്ലാ മേഖലകളിലും സേവന വേതന വ്യവസ്ഥകളിലുണ്ടായ മാറ്റവും വിലക്കയറ്റവും പുതിയ താരിഫ് നിര്‍ണ്ണയത്തില്‍ പരിഗണിക്കപ്പെട്ടില്ല. നെറ്റുവര്‍ക്കുകളുടെ നടത്തിപ്പില്‍ ഓപ്പറേറ്റര്‍മാര്‍ക്കുണ്ടാകുന്ന അനുബന്ധ ചിലവുകളും ഉള്‍പ്പെടുത്തിയില്ല. ട്രായുടെ പ്രതിനിധികള്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സംഘടനകളുമായി കൂടിയാലോചനകള്‍ നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് കാണാനും ആസ്വദിക്കാനുമുള്ള അവകാശത്തിന്റെ പേരില്‍ കൊണ്ടുവന്ന പുതിയ താരിഫ് ജനങ്ങള്‍ക്ക് എത്ര കണ്ട് ഉപകരിച്ചു എന്ന് പരിശോധിക്കപ്പെടണം. പുതിയ താരിഫ് പ്രഖ്യാപിക്കുമ്പോള്‍ ഉദ്ദേശിച്ചിരുന്ന ഗുണങ്ങള്‍ പലതും ജനങ്ങള്‍ക്ക് ലഭിച്ചില്ലായെന്നും കെ വി രാജന്‍ പറഞ്ഞു. സിഒഎ ജില്ലാ പ്രസിഡന്റ് പി കെ അനീഷ് പ്രതിനിധി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രവീണ്‍ മോഹന്‍, പി എസ് സിബി, ജില്ലാ സെക്രട്ടറി ബിനു വി കല്ലേപ്പിള്ളി, ട്രഷറര്‍ ജോബി ആപ്പാഞ്ചിറ, ജില്ലാ കമ്മറ്റിയംഗങ്ങളായ ബി റെജി, ഒ വി വര്‍ഗ്ഗീസ്, തുടങ്ങിയവര്‍ സംസാരിച്ചു.