
മുവാറ്റുപുഴ: ഗതാഗത നിയമലംഘനത്തിനു പെറ്റി കേസ് ഇനത്തില്‍ ഈടാക്കിയ പിഴയില്‍ നിന്ന് 20.8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വനിത സിവില്‍ പോലീസ് ഓഫീസര്‍ അറസ്‌റ്റില്‍.
മൂവാറ്റുപുഴ ഈസ്‌റ്റ് മാറാടി തടത്തില്‍ ശാന്തി കൃഷ്‌ണ (45) യെയാണ് മൂവാറ്റുപുഴ ഡിവൈ.എസ്.പി. പി.എം. ബൈജുവിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം കിടങ്ങൂരിലെ ബന്ധുവീട്ടില്‍ നിന്ന് കസ്‌റ്റഡിയിലെടുത്തത്.
പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനു പിന്നാലെയായിരുന്നു ഇത്. ഇന്നലെ രാവിലെ മൂവാറ്റുപുഴ സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്‌തു. തുടര്‍ന്നായിരുന്നു അറസ്‌റ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം വിജിലന്‍സ് കോടതി പ്രതിയെ സെപ്‌റ്റംബര്‍ എട്ടുവരെ ജ്യുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. ഇന്ന് കസ്‌റ്റഡി അപേക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ജഡ്‌ജി ഇല്ലാത്തതിനാലാണ് കോട്ടയം കോടതിയില്‍ ഹാജരാക്കിയത്.
2018 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31 വരെ ഗതാഗത നിയമലംഘനത്തിനു പിഴയായി മൂവാറ്റുപുഴ പോലീസ് പിരിച്ചെടുത്ത തുകയില്‍ നിന്ന് ബാങ്ക് രേഖകളില്‍ കൃത്രിമം കാട്ടി ഇവര്‍ 20.8 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. കേസെടുക്കുമ്പോള്‍ 16.75 ലക്ഷത്തിന്റെ ക്രമക്കേടാണ് തിരിച്ചറിഞ്ഞത്. തുടരന്വേഷണത്തിലാണ് തുക ഉയര്‍ന്നത്. പരമാവധി 35,000 ശമ്പളം കിട്ടുന്ന ഉദ്യോഗസ്‌ഥ ഒരു ലക്ഷം മുതല്‍ 1.25 ലക്ഷം രൂപ വരെ മാസംതോറും ബാങ്കുകളിലും ചിട്ടി കമ്പനികളിലും അടച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സഹപ്രവര്‍ത്തകരെ അടക്കം ജാമ്യം നിര്‍ത്തിയാണ് വായ്‌പയും ചിട്ടിത്തുകയും കൈപ്പറ്റിയത്. ഇവര്‍ അറസ്‌റ്റിലായതോടെ ജാമ്യം നിന്നവരും വെട്ടിലായി.