വാഹനങ്ങളിൽ വരുന്നവർ ഭക്ഷണവും വെള്ളവും കരുതണം ; താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് അഴിക്കൽ ശ്രമകരം ; താമരശ്ശേരി ചുരത്തിൽ ഗതാഗത സ്തംഭനം തുടരുന്നു
സ്വന്തം ലേഖകൻ
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നലെ ഉച്ച മുതൽ തുടങ്ങിയ ഗതാഗത കുരുക്ക് അഴിക്കൽ ശ്രമകരം. ഇന്നലെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്ന് രാവിലെയും തുടരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനാൽ കുരുക്ക് വർധിക്കുന്ന സ്ഥിതിയാണ്.
വാഹനങ്ങളിൽ വരുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്നു ചുരം സംരക്ഷണ മുന്നണി വ്യക്തമാക്കി. അവധി ദിനങ്ങളായതിനാൽ വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതാണ് ഗതാഗത കുരുക്ക് കൂടുതൽ രൂക്ഷമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചരക്കുലോറി കുടുങ്ങിയതിനെ തുടർന്നാണ് ഇന്നലെ ഉച്ച മുതൽ വൻ ഗതാഗതക്കുരുക്ക് തുടങ്ങിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലോറി കുടുങ്ങിയത്. അപ്പോൾ മുതൽ തുടങ്ങിയ കുരുക്ക് നിരവധി യാത്രക്കാരെയാണ് വലച്ചത്. താമരശ്ശേരി മുതലും ചുണ്ടേൽ മുതലും വാഹനങ്ങളുടെ നീണ്ട നിരയാണ് കുടുങ്ങി കിടക്കുന്നത്.
അമിത ഭാരവുമായി വന്ന മൾട്ടി ആക്സിൽ ലോറിയാണ് കുടുങ്ങിയത്. ലോറി കുടുങ്ങിയ ഘട്ടത്തിൽ ചെറു വാഹനങ്ങൾ ഒറ്റ വരിയിലൂടെ കടത്തി വിട്ടു. എന്നാൽ മൈസൂരിൽ നിന്നുള്ള ബസും കുടുങ്ങിയതോടെ ഗതാഗതം പൂർണമായി നിലച്ചു. ചുരത്തിന്റെ രണ്ട് ഭാഗത്തും വാഹനങ്ങൾ കുടുങ്ങി.
അവധി ദിനമായതിനാൽ വൻ തിരക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്. വൈകീട്ടോടെ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്തിയപ്പോൾ കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളമാണ് ജനം ചുരത്തിൽപ്പെട്ടത്. കുടിവെള്ളം പോലും കിട്ടാതെ പലരും വലഞ്ഞു.