അവസാനമായി ഒരു നോക്ക് കാണാൻ… സിതാരയിലേക്ക് രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ ഒഴുക്ക്; തിരക്ക് വർധിച്ചതോടെ ഗതാഗത നിയന്ത്രണം; എംടി വാസുദേവൻ നായരുടെ വീട് സ്ഥിതിചെയ്യുന്ന ‘കൊട്ടാരം റോഡ്’ അടച്ചു
കോഴിക്കോട്: സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഇന്നലെ രാത്രി മുതല്‍ കൊട്ടാരം റോഡിലെ എംടിയുടെ വീടായ സിതാരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെ തിരക്ക് കണക്കിലെടുത്ത് എംടി വാസുദേവൻ നായരുടെ വീട് സ്ഥിതിചെയ്യുന്ന ‘കൊട്ടാരം റോഡ്’ അടച്ചു.
ഇന്ന് വൈകിട്ട് വരെ വാഹനങ്ങൾക്ക് പ്രവേശനമില്ല. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ വാഹനങ്ങൾ മറ്റിടങ്ങളിൽ പാർക്ക് ചെയ്ത ശേഷം എംടിയുടെ വീടായ ‘സിതാര’യിലേക്ക് എത്തണം. എംടി വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മറ്റ് പരിപാടികളെല്ലാം മാറ്റിവച്ചതായും അതത് കളക്ടർമാർ അറിയിച്ചു.
സിതാരയിൽ വൈകിട്ട് നാല് മണിവരെ അന്ത്യദർശനമുണ്ടാകും. പൊതുദർശനം ഒഴിവാക്കിയതും എംടിയുടെ ആഗ്രഹപ്രകാരമാണ്. വൈകിട്ട് അഞ്ച് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. മലയാളത്തിന്റെ പുണ്യം വിടപറയുമ്പോൾ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ മലയാളികൾ സിതാരയിലേക്ക് ഒഴുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, വള്ളത്തോൾ പുരസ്കാരം, ജെസി ഡാനിയേൽ പുരസ്കാരം, നാലുതവണ മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ അവാർഡ്, 11 തവണ സംസ്ഥാന ചലച്ചിത്ര അവാർഡ്, മൂന്ന് തവണ മലയാളത്തിലെ മികച്ച സംവിധായകൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളും പുരസ്കാരങ്ങളും ഏറ്റുവാങ്ങിയ മഹാപ്രതിഭയായിരുന്നു എംടി വാസുദേവൻ നായർ. നിർമാല്യം ഉൾപ്പടെ ആറ് സിനിമകളാണ് എംടി സംവിധാനം ചെയ്തത്. 2005ൽ പദ്മഭൂഷൺ നൽകിയും രാജ്യം ആദരിച്ചിരുന്നു.