ഏറ്റുമാനൂരിലെ റോഡ്‌ ബ്ലോക്കില്‍ കുടുങ്ങി രോഗികളും ദീര്‍ഘദൂര യാത്രികരും; ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ജനപ്രതിനിധികള്‍ ശ്രമിക്കാത്തതില്‍ ആക്ഷേപം ഉയരുന്നു

Spread the love

ഏറ്റുമാനൂർ: ഒരു ചെറിയ മഴപെയ്താലും, രണ്ടു വാഹനങ്ങള്‍ ഒരേ സമയം സഞ്ചരിച്ചാലും ഏറ്റുമാനൂരിലെ എം.സി. റോഡില്‍ ബ്ലോക്കുണ്ടാകുന്നത് പതിവാണ്. ഗതാഗതക്കുരുക്ക് എത്രനേരം തുടരും എന്നത് പ്രവചിക്കാനാകില്ല. ചിലപ്പോള്‍ രണ്ടുമണിക്കൂറിലേറെയും അത് നീണ്ടുനില്‍ക്കാറുണ്ട്.

ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ പലപ്പോഴൂം രോഗികളും ദീര്‍ഘദൂര യാത്രക്കാരും വഴിയില്‍ പെട്ടുപോകുന്ന അവസ്ഥയാണ്. കഴിഞ്ഞദിവസം അഞ്ചുമണിയോടെ ഏറ്റുമാനൂര്‍ അമ്പലം മുതല്‍ കാരിത്താസ്‌ വരെ തുടങ്ങിയ ബ്ലോക്ക്‌ ഏകദേശം എട്ടുമണി വരെ നീണ്ടുനിന്നു. മഴയല്ലാതെ ബ്ലോക്കിന്‌ പ്രത്യേകിച്ച്‌ ഒരു കാരണവും ഉണ്ടായിരുന്നില്ല. ഇതോടെ വാഹന യാത്രികരും കാല്‍നടയാത്രക്കാരും ഒരുപോലെയാണ്‌ വലഞ്ഞത്‌. അതിനിടെ, അതുവഴി കടന്നുവന്ന ആംബുലന്‍സുകള്‍ കടത്തിവിടാന്‍ ട്രാഫിക്‌ പോലീസ്‌ ശ്രമിച്ചത്‌ സ്ഥിതി വഷളാകാനും കുരുക്ക്‌ രൂക്ഷമാകാതെ ഇടയാക്കി. നാളുകൾ ഏറെയായി തുടരുന്ന ഈ ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ജനപ്രതിനിധികള്‍ ശ്രമിക്കാത്തതില്‍ വലിയ രീതിയിലുള്ള ആക്ഷേപമാണ് ഉയരുന്നത്.

പഴയ എം.സി. റോഡുമായി ബന്ധിപ്പിക്കുന്ന ഒരു മേല്‍പ്പാലം വരികയും പഴയ എം.സി. റോഡിന്‌ വീതികൂട്ടുകയും ചെയ്‌താല്‍ ബ്ലോക്കിന്‌ ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്ന്‌ ഏറ്റുമാനൂര്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം ഭാരവാഹികള്‍ മുന്‍പുതന്നെ അഭിപ്രായപ്പെട്ടിരുന്നു. തവളക്കുഴിയില്‍നിന്നു തുടങ്ങി വിമലാ ഹോസ്‌പിറ്റലില്‍ അവസാനിക്കുന്ന ഫ്‌ളൈഓവര്‍ പദ്ധതി നേരത്തേ ഉയര്‍ന്നുവന്നതാണ്‌. എന്നാല്‍ അത്‌ ഇപ്പോഴും കടലാസില്‍ ഒതുങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group