
മുംബൈ: നാലുവര്‍ഷം നീണ്ട ട്രേഡിങ് തട്ടിപ്പില്‍ 72-കാരനായ മുംബൈ സ്വദേശിക്ക് നഷ്ടമായത് 35 കോടി രൂപ. മാതുംഗ വെസ്റ്റ് നിവാസിയായ ഭരത് ഹരക്ചന്ദ് ഷായാണ് തട്ടിപ്പിനിരയായത്. പരേലില്‍ കാന്‍സര്‍ രോഗികള്‍ക്കായി കുറഞ്ഞ വാടകയ്ക്ക് ഗസ്റ്റ് ഹൗസ് നടത്തിവരികയാണ് ഷായും ഭാര്യയും.
ഗ്ലോബ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ് എന്ന ബ്രോക്കറേജ് സ്ഥാപനം തന്റെയും ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് നാല് വര്‍ഷത്തോളം അനധികൃതമായി ട്രേഡിങ് നടത്തി എന്നാണ് പരാതിക്കാരന്റെ ആരോപണം. 2020-ലാണ് തട്ടിപ്പ് ആരംഭിച്ചത് എന്നാണ് പരാതിക്കാരന് പറയുന്നത്.
ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് ഷാ, തനിക്കും ഭാര്യക്കുമായി ഗ്ലോബ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡില്‍ ഒരു ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് തുറന്നത്. പാരമ്പര്യമായി ലഭിച്ച ഓഹരികള്‍ ഈ കമ്പനിയിലേക്ക് മാറ്റുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടക്കത്തില്‍, ഇടപാടുകള്‍ വളരെ ലളിതമായിരുന്നു. കമ്പനിയുടെ പ്രതിനിധികള്‍ ഷായെ പതിവായി ബന്ധപ്പെടുകയും ആകര്‍ഷകമായ പല ഉറപ്പുകളും നല്‍കുകയും ചെയ്തു. ട്രേഡിങിനായി അധിക നിക്ഷേപം ആവശ്യമില്ലെന്നും ഓഹരികള്‍ ഈടായിവെച്ച് സുരക്ഷിതമായി ട്രേഡ് ചെയ്യാമെന്നും അവര്‍ ഷായോട് പറഞ്ഞു. സഹായത്തിനായി കമ്പനിയില്‍ നിന്ന് പേഴ്സണല്‍ ഗൈഡുകളെ നിയോഗിക്കാമെന്നും പ്രതിനിധികള്‍ ഷായോട് പറഞ്ഞു.
ഇതിന്റെ മറവില്‍, അക്ഷയ് ബാരിയ, കരണ്‍ സിരോയ എന്നീ രണ്ട് ജീവനക്കാര്‍ക്ക് ഷായുടെ പോര്‍ട്ട്ഫോളിയോ ‘കൈകാര്യം’ ചെയ്യാനുള്ള ചുമതല ലഭിച്ചു. ഇവരിലൂടെയാണ് തട്ടിപ്പുകാർ ഷായുടെയും ഭാര്യയുടെയും അക്കൗണ്ടിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തത്.
വൈകാതെ കാര്യങ്ങള്‍ വഷളായിത്തുടങ്ങി. തുടക്കത്തില്‍ രണ്ട് പ്രതിനിധികളും ദിവസവും വിളിച്ച് ഏതൊക്കെ ഓര്‍ഡറുകള്‍ നല്‍കണമെന്ന് ഷായോട് നിര്‍ദ്ദേശിച്ചിരുന്നു. താമസിയാതെ, ജീവനക്കാര്‍ വീട്ടിലെത്തി സ്വന്തം ലാപ്ടോപ്പുകളില് നിന്ന് ഇമെയിലുകള്‍ അയയ്ക്കാന്‍ തുടങ്ങി. ഈ സമയം, ട്രേഡിങിനായി ആവശ്യമായ എല്ലാ വിവരങ്ങളും നല്കാന് അവര്‍ തന്നെ തന്ത്രപൂര്‍വം പ്രേരിപ്പിച്ചു എന്ന് ഷാ പറയുന്നു.
തന്റെ അക്കൗണ്ടുകളിലൂടെ വ്യാപകമായ ട്രേഡിങ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഷാ അറിഞ്ഞിരുന്നില്ല. അദ്ദേഹം ഓരോ ഒടിപിയും അവര്‍ക്ക് നല്കി, എല്ലാ എസ്എംഎസുകള്‍ക്കും ഇമെയിലുകള്‍ക്കും മറുപടി നല്കി. ഷാ അറിയേണ്ട വിവരങ്ങള്‍ മാത്രമാണ് തട്ടിപ്പുകാര്‍ അദ്ദേഹത്തിന് നല്‍കിയത്.
2020 മാര്‍ച്ചിനും 2024 ജൂണിനും ഇടയില്‍, അദ്ദേഹത്തിന് ലഭിച്ച വാര്‍ഷിക സ്റ്റേറ്റ്മെന്റുകളില് സ്ഥിരമായി ‘ലാഭം’ കാണിച്ചിരുന്നു. 2024 ജൂലൈയില്‍ ഗ്ലോബ് ക്യാപിറ്റലിന്റെ റിസ്ക് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍ വന്നതോടെയാണ് ഈ വഞ്ചന പുറത്തറിയുന്നത്.
കോടിക്കണക്കിന് രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുകയും, നിരവധി ‘സര്‍ക്കുലര്‍ ട്രേഡുകള്‍’ (ഒരേ കക്ഷിയുമായി നടത്തുന്ന ഇടപാടുകള്‍) അക്കൗണ്ടിനെ വലിയ നഷ്ടത്തിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. കൈവശമുള്ള ബാക്കി ആസ്തികളും നഷ്ടപ്പെടുമെന്ന് തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തിയതോടെ, ഷാ തന്റെ ശേഷിക്കുന്ന ഓഹരികള്‍ വിറ്റ് 35 കോടി രൂപയുടെ മുഴുവന്‍ കടവും അടച്ചുതീര്‍ത്തു.
കൂടാതെ, എന്‍എസ്ഇയില്‍ (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്) നിന്ന് കമ്പനിക്ക് നിരവധി അറിയിപ്പുകള് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മനസ്സിലാക്കി. ഈ അറിയിപ്പുകള്‍ക്ക് ഷായുടെ പേര് ഉപയോഗിച്ചാണ് കമ്പനി മറുപടി നല്‍കിയത്, എന്നാല്‍ ഇതേക്കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് ഷാ പറയുന്നു. ഷായെ കാണിച്ചിരുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു യഥാര്‍ത്ഥ ട്രേഡിംങ് ചിത്രം.
ഐപിസി 409 (വിശ്വാസവഞ്ചന), 420 (ചതി) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്, കൂടുതല്‍ അന്വേഷണത്തിനായി മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് (EOW) കൈമാറി.




