video
play-sharp-fill

കുറ്റാന്വേഷണത്തിന് ഇനി സാറയില്ല ; പോത്തൻകോട് കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ നിർണായക തെളിവ് കണ്ടെത്തിയ നായ ; മൂന്ന് ഗുഡ് സർവീസ് എൻട്രി ; ഡോഗ് സ്ക്വാഡിലെ ‘ട്രാക്കർ സാറ’യ്ക്ക് വിട

കുറ്റാന്വേഷണത്തിന് ഇനി സാറയില്ല ; പോത്തൻകോട് കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ നിർണായക തെളിവ് കണ്ടെത്തിയ നായ ; മൂന്ന് ഗുഡ് സർവീസ് എൻട്രി ; ഡോഗ് സ്ക്വാഡിലെ ‘ട്രാക്കർ സാറ’യ്ക്ക് വിട

Spread the love

സ്വന്തം ലേഖകൻ

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിലെ 309ാം നമ്പർ ട്രാക്കർ സാറ എന്ന പൊലീസ് നായ വിടവാങ്ങി. വൃക്ക രോഗങ്ങളെ തുടർന്നായിരുന്നു മരണം.

ജർമ്മൻ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട സാറയ്ക്ക് എട്ടു വയസായിരുന്നു. പോത്തൻകോട് അയിരൂപ്പാറ രാധാകൃഷ്ണൻ വധക്കേസിലെ പ്രതിയുടെ അറസ്റ്റിലേക്ക് ഉള്‍പ്പെടെ നയിച്ച നിർണായക തെളിവ് കണ്ടെത്തിയ നായ ആയിരുന്നു സാറ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്വാളിയാറില്‍ ജനിച്ച സാറ ബി.എസ്.എഫില്‍ പരിശീലനം പൂർത്തിയാക്കി ഏഴ് വർഷം മുൻപാണ് കേരള പൊലീസിന്റെ ഭാഗമായി വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെത്തിയത്. മൂന്നുദിവസം മുൻപ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ വൃക്കകള്‍ തകരാറിലാണെന്ന് കണ്ടെത്തി. ഇതിന്റെ ചികിത്സയ്‌ക്കിടെയാണ് മരണം.

റാങ്ക് ഉണ്ടായിരുന്ന സമയത്ത് ഡിവൈ.എസ്.പിക്ക് തുല്യമായിരുന്നു. സാറയ്‌ക്കൊപ്പം ജനിച്ച മറ്റു രണ്ട് നായ്ക്കള്‍ കേരള പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലുണ്ട്. വെഞ്ഞാറമൂട് പൊലീസ് സേനയിലെ ഡോഗ് ഹാൻഡിലർമാരായ ധനേഷ്, മനോജ് എന്നിവർക്കായിരുന്നു സാറയുടെ ചുമതല. അവർ ആഹാരം കൊടുത്താല്‍ മാത്രമേ സാറ കഴിക്കുമായിരുന്നുള്ളൂ. ഇഷ്ട ഭക്ഷണമായിരുന്നാലും മറ്റാരു കൊടുത്താലും കഴിക്കില്ല.

ടെന്നീസ് ബാള്‍ കൊണ്ടുള്ള കളിയായിരുന്നു സാറയുടെ പ്രിയപ്പെട്ട വിനോദം. മൂന്ന് ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുണ്ട്. ഇന്നലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് 1.30ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. റൂറല്‍ എസ്.പി കിരണ്‍ നാരായണ്‍, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എൻ.മഞ്ചുനാഥ്, വെഞ്ഞാറമൂട് പൊലീസ് ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ എന്നിവർ ചടങ്ങുകളില്‍ പങ്കെടുത്തു.

സാറയുടെ വിയോഗം പൊലീസ് സേനയിലും നാട്ടുകാർക്കും നോവായി. പൊലീസ് സേനയില്‍ കയറിയതിന് ശേഷം സാറ ആദ്യം തെളിയിച്ച കേസായിരുന്നു പോത്തൻകോട് കൊലപാതകം. കേസിലെ പ്രധാന തെളിവായ രക്തം പുരണ്ട വസ്ത്രവും പ്രതി ഉപയോഗിച്ചെന്ന് സംശയിച്ച വെട്ടുകത്തിയും കണ്ടെടുക്കാൻ 2.5 കിലോമീറ്റർ സാറ മണം പിടിച്ചു സഞ്ചരിച്ചു. സാറയുടെ ഈ മിടുക്കിന് റിവാർഡിനും പൊലീസ് ശുപാർശ ചെയ്തിരുന്നു. വെഞ്ഞാറമൂട്, പോത്തൻകോട്, ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.

സാറയുടെ കുടുംബാംഗങ്ങളും വിവിധ സേനകളില്‍ അംഗങ്ങളാണ്. അച്ഛൻ പാർലമെന്റ് സുരക്ഷാ വിഭാഗത്തില്‍ ആയിരുന്നു. അമ്മ കശ്മീർ സുരക്ഷാ സ്ക്വാഡില്‍. സാറക്കൊപ്പം ജനിച്ച മറ്റു 2 പേർ കേരള പൊലീസ് ഡോഗ് സ്ക്വാഡിലുണ്ട്.