കൊടി സുനിക്കും ടിപി വധക്കേസ് പ്രതികൾക്കും ജയിലിനകത്തും പുറത്തും വിഐപി പരിഗണന; പ്രതികളെ തലശേരി കോടതിയില്‍ കൊണ്ടുപോയപ്പോള്‍ വിക്ടോറിയ ഹോട്ടലില്‍ കുശാലായ ഭക്ഷണവും മദ്യപാനവും;ഒത്താശ ചെയ്ത 3 സിവില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Spread the love

കണ്ണൂര്‍: അരമനരഹസ്യം അങ്ങാടി പാട്ടായി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ജയിലിന് അകത്ത് കിട്ടുന്ന വിഐപി പരിഗണന ഇപ്പോള്‍ പരസ്യമായ രഹസ്യമാണ്. ജയിലിനുളളിലെ അനിയന്ത്രിതമായ മൊബൈല്‍ ഉപയോഗം മുതല്‍ സ്വര്‍ണം പൊട്ടിക്കല്‍ ക്വട്ടേഷന്‍ വരെ അതുനീളുന്നു.

ജയില്‍ ഭരിക്കുന്നത് തന്നെ ആരാണെന്ന ചോദ്യം ചോദിച്ചുപോകുന്ന അനാസ്ഥ. തലശേരി കോടതിയില്‍ പോയി വരുന്ന വഴി ടിപി വധക്കേസ് പ്രതി കൊടി സുനിക്കും മറ്റുപ്രതികള്‍ക്കും മദ്യം കഴിക്കാന്‍ പൊലീസ് ഒത്താശ ചെയ്തത്. സംഭവത്തില്‍, മൂന്നു സിവില്‍ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ പ്രതികളെ ഹാജരാക്കാന്‍ കൊണ്ടുപോയിരുന്നു. ഭക്ഷണം കഴിക്കാനായി കോടതി പിരിഞ്ഞപ്പോളാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ കയറിയ വിക്ടോറിയ ഹോട്ടലില്‍ വെച്ച് പ്രതികള്‍ക്ക് മദ്യം കഴിക്കാന്‍ സൗകര്യമൊരുക്കി. പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ മദ്യപിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കമ്മിഷണര്‍ക്ക് പരാതി ലഭിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ജില്ലാ പൊലിസ് മേധാവി നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പൊലിസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നീ പ്രതികള്‍ പൊലിസിന്റെ സാന്നിധ്യത്തില്‍ മദ്യപിച്ചുവെന്നാണ് ആരോപണം.

നേരത്തെ കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന വിവരവും പുറത്തുവന്നിരുന്നു. കൊടി സുനി കണ്ണൂര്‍ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചതും പ്രവാസിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും ഹവാല പണമിടപാടും സ്വര്‍ണക്കടത്തും നിയന്ത്രിച്ചതും വരെ ഇതിന് മുന്‍പ് പുറത്തുവരികയും വിവാദമാകുകയും ചെയ്തിട്ടുണ്ട്.

കടത്ത് സ്വര്‍ണം പിടിച്ചെടുക്കുന്നതില്‍ കൊടി സുനിക്കും ഷാഫിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. വാര്‍ത്താചാനലുകളാണ് സ്വര്‍ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്സാപ്പ് ശബ്ദരേഖ പുറത്തുവിട്ടത്. കൊടി സുനിയും ഷാഫിയും പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നുവെന്നാണ് ശബ്ദരേഖയില്‍ പറഞ്ഞിരുന്നത്.