
ടി.പി ചന്ദ്രശേഖരൻ അനുസ്മരണ സമ്മേളനത്തിനും സ്മാരക ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിനും സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾക്ക് സി.പി.എം വിലക്ക്
സ്വന്തം ലേഖകൻ
കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ അനുസ്മരണ സമ്മേളനത്തിനും സ്മാരക ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിനും സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾക്ക് സി.പി.എം വിലക്ക്. പരിപാടിയിൽ പങ്കെടുക്കാൻ ബിജെപി ഒഴികെയുള്ള മറ്റെല്ലാ കക്ഷികളേയും ക്ഷണിച്ചിരുന്നുവെങ്കിലും ആദ്യം വരാമെന്നേറ്റ കാനം രാജേന്ദ്രൻ പിന്നീട് പരിപാടിയിൽ നിന്നും പിൻമാറിയെന്ന് ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു അറിയിച്ചു.
പിന്നീട് കാര്യം അന്വേഷിച്ചപ്പോൾ എൽ.ഡി.എഫ് കൂട്ടായി എടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു നിലപാടിലേക്കെത്തിയതെന്ന് മനസ്സിലായെന്നും അദ്ദേഹം വ്യക്തമാക്കി. അനുസ്മരണ പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓർക്കാട്ടേരിയിൽ മൂന്ന് നിലകളിലായി പണിപൂർത്തിയായ ടി.പി ഭവൻ എന്ന് പേരിട്ടിരിക്കുന്ന സ്മാരകത്തിന്റെ ഉദ്ഘാടനം ആർ.എം.പി അഖിലേന്ത്യാ ജനറൽസെക്രട്ടറി മാംഗത്‌റാം പസ്ലയാണ് നിർവഹിക്കുന്നത്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലീം ലീഗ് നേതാവ് കെ.എൻ.എ ഖാദർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് ജനകീയ പരിപാടിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സി.പി.എം ഭീഷണിപ്പെടുത്തി പരിപാടിയിൽ നിന്നും ഘടകകക്ഷികളെ പിൻതിരിപ്പിക്കുകയായിരുന്നുവെന്നും എൻ.വേണു വ്യക്തമാക്കി.
ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട ശേഷം വലിയ വെല്ലുവിളി സ്മാരക നിർമാണവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ഉണ്ടായിരുന്നുവെങ്കിലും ഇതിനെയെല്ലാം മറികടന്നാണ് പണിപൂർത്തിയാക്കിയതെന്ന് എൻ.വേണു അറിയിച്ചു. ടി.പി പഠനകേന്ദ്രമടക്കം ഉൾകൊള്ളിച്ചുകൊണ്ടുള്ള വലിയൊരു സാംസ്‌കാരിക കേന്ദ്രം എന്ന രീതിയിലാണ് ടി.പി ഭവൻ ഉയർന്ന് വരുന്നത്. ഇത് ടി.പിയുടെ ഓർമ എന്നും നിലനിർത്തുവാൻ ഉതകുന്നതുമാണ്. ഇത് ഇഷ്ടമില്ലാത്തത് കൊണ്ടാവാം ഘടക കക്ഷികളെ വിലക്കിയതെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി രണ്ടിന് നടക്കുന്ന പരിപാടിയിൽ മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള, സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി സി.എ അജീർ, അഡ്വ.ജയശങ്കർ, ബീരാൻ കുട്ടി മാസ്റ്റർ, ഷിബു ബേബി ജോൺ, ഡി.ദേവരാജൻ തുടങ്ങി രാഷ്ട്രീയ സംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുക്കുന്നുണ്ട്