play-sharp-fill
പ്രളയകാലത്ത് താരങ്ങളായി മലയാളത്തിലെ നക്ഷത്രങ്ങൾ: വീട് തുറന്നിട്ട് നൽകി ടൊവിനോയുടെ ക്ഷണം; ഭക്ഷണത്തിന് മുട്ടുണ്ടാകാതെ നോക്കാനൊരുങ്ങി കുഞ്ചാക്കോ..!

പ്രളയകാലത്ത് താരങ്ങളായി മലയാളത്തിലെ നക്ഷത്രങ്ങൾ: വീട് തുറന്നിട്ട് നൽകി ടൊവിനോയുടെ ക്ഷണം; ഭക്ഷണത്തിന് മുട്ടുണ്ടാകാതെ നോക്കാനൊരുങ്ങി കുഞ്ചാക്കോ..!

സ്വന്തം ലേഖകൻ
കൊച്ചി: പ്രളയദുരിതത്തിലേയ്ക്ക വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിന് മലയാളത്തിന്റെ മിന്നും താരങ്ങളുടെ കൈത്താങ്ങ്. തന്റെ വീടിന്റെ വാതിലുകൾ തുറന്നിട്ട് ടൊവിനോ തോമസ് ക്ഷണിക്കുമ്പോൾ, ബലിപ്പെരുന്നാള് ദിനമായ തിങ്കളാഴ്ച ആരും വിശന്നിരിക്കരുതെന്ന അഭ്യർത്ഥനയാണ് കുഞ്ചാക്കോ ബോബൻ നടത്തുന്നത്.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കൈയ് മെയ് മറന്ന് മുന്നിട്ടിറങ്ങി പ്രവർത്തിച്ച ടൊവിനോ ഇത്തവണയും ദുരിതപ്പെയ്ത്തിൽ ആശ്വാസം പകർന്നിരിക്കുകയാണ്.
ദുരിതത്തിൽ താത്ക്കാലികമായി വീടൊഴിയേണ്ടി വന്നവർക്ക് തന്റെ വീട്ടിലേക്ക് ക്ഷണിച്ചാണ് ടൊവിനോ രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ടൊവിനോയുടെ ക്ഷണം. കഴിഞ്ഞ തവണ പറഞ്ഞപോലെ എന്റെ വീട് സേഫ് ആണ്, ഇങ്ങോട്ട് വരാം.. ദുരുപയോഗം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു.. എന്നായിരുന്നു ടൊവിനോയുടെ പോസ്റ്റ്.
നേരത്തെയും ആശങ്കകൾ അകറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് സിനിമാതാരങ്ങളും രംഗത്തുണ്ടായിരുന്നു. അതിൽ ഒരാളാണ് നടൻ ടൊവിനോ തോമസ്. എന്നാൽ, എന്തു ചെയ്താലും അത് സിനിമയുടെ പ്രമോഷനാണ് എന്ന് പറഞ്ഞു വരുന്നവരെ ശക്തമായി വിമർശിച്ച് രംഗത്ത് വന്നവർക്ക് മറുപടിയും നൽകി ടൊവിനോ.
ടൊവിനോയുടെ ആ ഫയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു:
കുറേ ആളുകളെ പേടിച്ചിട്ടാണ് ഫ്ളഡ് അലർട്ട് പോസ്റ്റ് ഇടാതിരുന്നത്. അതിട്ടാൽ, അതും ഞാൻ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും. ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. അപ്പൊ ഇനി നിങ്ങള് പറ . ഞാൻ ഇനി സിനിമയുടെ പോസ്റ്റ് ഒന്നും ഇടുന്നില്ല. ഫുൾ ഫ്ളഡ് അലർട്ടായിരിക്കും. അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നും കൂടെ ഒന്ന് പറ!
ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല…
Let’s stand together and survive —
ഏറ്റവുമൊടുവിൽ സഹായാഭ്യർഥന നടത്തിയ താരങ്ങളിൽ ഒരാൾ കുഞ്ചാക്കോ ബോബനാണ്. ബലിപെരുന്നാൾ ദിനമായ നാളെ വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ് ചാക്കോച്ചൻറെ അഭ്യർഥന.
‘കേരള ഫ്‌ലഡ് ഡിസാസ്റ്റർ അർജൻറ് ഹെൽപ്പി’ൻറെ ഫേസ്ബുക്ക് സന്ദേശം പങ്കുവച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബൻറെ അഭ്യർഥന. നാളെ എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാൾ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവർക്കും നന്മയുണ്ടാവട്ടെ’. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.