play-sharp-fill
കാടും മേടും കാട്ടാറും കായലുമുള്ള കോട്ടയം ; കോട്ടയത്ത് തീർച്ചയായും കണ്ടിരിക്കേണ്ട ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് വിശദമായി അറിയാം

കാടും മേടും കാട്ടാറും കായലുമുള്ള കോട്ടയം ; കോട്ടയത്ത് തീർച്ചയായും കണ്ടിരിക്കേണ്ട ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് വിശദമായി അറിയാം

കോട്ടയം : കാടും മേടും കാട്ടാറും കായലുമുള്ള കോട്ടയം. പൈതൃകം വിളിച്ചോതുന്ന ആരാധനാലയങ്ങളും റബ്ബർ തോട്ടങ്ങളും അക്ഷര നഗരിയുടെ പെരുമ വിളിച്ചോതുന്നതാണ്. ചെറുതും വലുതുമായ ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണ്ട് കോട്ടയത്ത്. അവ ഏതെല്ലാമെന്ന് അറിയാം.

1. കുമരകം

കോട്ടയം ജില്ലയില്‍ വേമ്ബനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം. ഇവിടം ലോക വിനോദസഞ്ചാര ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ്. ദേശാടനക്കിളികള്‍ വരെ അതിഥികളായി എത്തുന്ന കുമരകം പക്ഷി സങ്കേതം വളരെ പ്രശസ്തമാണ്. മനോഹരങ്ങളായ കാഴ്ചകള്‍ തന്നെയാണ് കുമരകത്തെ വേറിട്ട് നിർത്തുന്നത്. ഇതിനൊപ്പം തന്നെ മീൻ, ഞണ്ട്, ചെമ്മീൻ തുടങ്ങിയ രുചിയേറുന്ന കായല്‍ വിഭവങ്ങളും ഇവിടെ വരുന്നവർക്ക് ആസ്വദിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയവക്കൊപ്പം ശുദ്ധമായ അന്തിക്കള്ള് ലഭിക്കുന്ന ഷാപ്പുകളിലും വരെ ഭക്ഷണപ്രിയര്‍ ഈ ഭക്ഷണങ്ങള്‍ തേടിയെത്താറുണ്ട്. ബോട്ടുകളിലൂടെയുള്ള കായല്‍ യാത്രകള്‍ക്ക് ആലപ്പുഴയോളം തന്നെ പേരുകേട്ട സ്ഥലമാണ് കുമരകവും. തീർച്ചയായും കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന് കുമരകത്തെ വിശേഷിപ്പിക്കാം. കോട്ടയം ടൗണില്‍ നിന്ന് 20 കിലോ മീറ്റർ സഞ്ചരിച്ചാല്‍ കുമരകത്ത് എത്താം.

2. താഴത്തങ്ങാടി ജുമാ മസ്‌ജിദ്‌

കേരളത്തില്‍ ഇസ്ലാം മതം പരിചയപ്പെടുത്തിയ മാലിക് ദീനാറിന്റെ പുത്രനായ ഹബീബ് ഇബ്ൻ മാലിക് ദീനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന് വിശ്വസിക്കുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. പരമ്ബരാഗത കേരളീയ വാസ്തു വിദ്യാശൈലിയില്‍ നിർമിച്ചിട്ടുള്ള ഈ പള്ളി വാസ്തു വിദ്യാ സമ്ബന്നത കൊണ്ടും കൊത്തു പണികളുടെ സൗന്ദര്യം കൊണ്ടും പ്രശസ്തമാണ്. നിഴല്‍ ഘടികാരം, ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൗള് (അംഗശുദ്ധിക്ക് വെള്ളം ശേഖരിക്കുന്ന സ്ഥലം), തടിയില്‍ തീര്‍ത്ത ഖുര്‍ആന്‍ വാക്യങ്ങള്‍, മനോഹരമായ മാളികപ്പുറം, കൊത്തുപണികളാല്‍ സമൃദ്ധമായ മുഖപ്പുകള്‍ എന്നിവ പള്ളിയുടെ പ്രത്യേകതകളാണ്.

3. ഭരണങ്ങാനം തീർത്ഥാടന കേന്ദ്രം

ഭരണങ്ങാനം ലോകമെമ്ബാടുമുള്ള ക്രൈസ്തവരെ സംബന്ധിച്ച്‌ ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള പ്രസിദ്ധമായ ഒരു സ്ഥലമാണ് ഭരണങ്ങാനം. വിശുദ്ധ അല്‍ഫോൻസാമ്മയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയില്‍ ആണ്. അതുകൊണ്ട് തന്നെയാണ് ഇവിടം വളരെക്കാലം ഒരു തീർത്ഥാടന കേന്ദ്രമായി മാറുന്നത്. വാഗമണ്‍ പോകുന്നവർക്ക് ഭരണങ്ങാനം പള്ളി കൂടി സന്ദർശിക്കാവുന്നതാണ്. കോട്ടയം ടൗണില്‍ നിന്ന് 30 കിലോ മീറ്റർ വരും റോഡു മാർഗം ഭരണങ്ങാനത്ത് എത്താൻ.

4. വൈക്കം ക്ഷേത്രവും കായലും

എറണാകുളം, ആലപ്പുഴ ജില്ലകളോട് അടുത്തു കിടക്കുന്ന കോട്ടയത്തെ ഒരു പ്രദേശമാണ് വൈക്കം. വൈക്കം മഹാദേവ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ വൈക്കത്തെക്കുറിച്ച്‌ അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നു. ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങള്‍ പോലെ തന്നെ വൈക്കവും കായല്‍ യാത്രകള്‍ക്ക് പേരുകേട്ടതാണ്. മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി ജനിച്ചത് വൈക്കത്തിന് അടുത്തുള്ള ചെമ്ബ് എന്ന സ്ഥലത്താണ്.

 

5. ഇലവീഴാ പൂഞ്ചിറ 

 

കോടമഞ്ഞിന്റെയും തണുപ്പിന്റെയും വിഹാര കേന്ദ്രം എന്നറിയപ്പെടുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലെ ഒരു പ്രധാനപ്പെട്ട ഹില്‍ സ്റ്റേഷൻ ആണ്. ഈരാറ്റുപേട്ട തൊടുപുഴ റൂട്ടില്‍ സഞ്ചരിച്ചു ആറ് കി മീ അകത്തോട്ടു പോയാല്‍ ഇലവീഴാ പൂഞ്ചിറയില്‍ എത്താം. നാല് കി മീ ഓഫ്‌റോഡ് ആണ്. ജീപ്പ് സർവീസ് ലഭ്യമാണ്. ബൈക്ക്, കാർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇലപൊഴിയും കാടുകളും മരങ്ങളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. മേലുകാവ് വില്ലേജില്‍ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇലവീഴാ പൂഞ്ചിറയുടെ മുകളില്‍ നിന്ന് മലങ്കര ഡാമിന്റെ വിദൂര ദൃശ്യങ്ങള്‍ കാണാം.

6. അയ്യൻപാറ

കോട്ടയം ജില്ലയിലെ തന്നെ അസ്തമയം മികച്ച രീതിയില്‍ കാണുവാൻ സാധിക്കുന്ന സ്ഥലം ആണ് അയ്യൻപാറ. ഇടുക്കി തൊടുപുഴ റൂട്ടില്‍ സഞ്ചരിച്ചു മങ്കൊമ്ബ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞാണ് അയ്യൻപാറയിലേക്കു പോകുന്നത്. പേരുപോലെ തന്നെ പാറക്കൂട്ടങ്ങള്‍ ആണ് ഇവിടെ ഉള്ളത്. അയ്യൻപാറയില്‍ ഒരു പള്ളിയും, അമ്ബലവും ഉണ്ട്. പാറകള്‍ക്കു ഇടയില്‍ വളരുന്ന പുല്‍മേടുകള്‍, വിവിധ തരം മരങ്ങള്‍ എന്നിവ മനോഹാരിത ചൊരിയുന്നു. രാവിലെയും, വൈകുന്നേരങ്ങളിലും കുടുമ്ബോത്തോടൊപ്പവും അല്ലാതെയും ആളുകള്‍ എത്തുന്നു. ഇല്ലിക്കല്‍ കല്ല്, ഈരാറ്റുപേട്ട ടൗണ്‍, വല്യച്ഛൻ മല, ഇലവീഴാപൂഞ്ചിറയുടെയും വിദൂര ദൃശ്യങ്ങള്‍ തുടങ്ങിയവ അയ്യൻപാറയില്‍ നിന്ന് കാണാൻ സാധിക്കും.

7. വല്യച്ഛൻ മല 

ഈരാറ്റുപേട്ടയിലെ അരുവിത്തറ പള്ളിയോടു ചേർന്നുള്ള കുരിശുമല ആണ് വല്യച്ഛൻ മല. കോട്ടയം ജില്ലയിലെ തന്നെ വലിയ ഒരു കുരിശുമല ആണ്. കേരളത്തിലെ ഏറ്റവും വലിയ കുരിശ് ഇവിടാനുള്ളത്. അടിവാരത്തു നിന്ന് കാല്‍നട ആയും, സ്വന്തം വാഹനത്തിലും മലയുടെ മുകളില്‍ വരെ എത്താം. വൈകുന്നേരങ്ങളില്‍ മലയുടെ മുകളില്‍ നിന്ന് ലൈറ്റുകള്‍ ശോഭ പകരുന്ന ഇരാറ്റുപേട്ടയുടെ ഭംഗിയും ആസ്വദിക്കാം. സുന്ദരവും, മനസിനെ തണുപ്പിക്കനും, വല്യച്ഛൻ മലയില്‍ ചിലവഴിക്കുന്നതിലൂടെ സാധിക്കും. വാഗമണ്‍ സഞ്ചാരികള്‍ക്ക് ഇവിടെയും സഞ്ചരിച്ച്‌ പോകാവുന്നതാണ്.

8. ഇല്ലിക്കല്‍ കല്ല്

ഈ സ്ഥലം മുൻപ് അധികം ആർക്കും അറിവുണ്ടായിരുന്നില്ല. അധികമാർക്കും അറിയാതെ കിടന്നിരുന്ന ഈ സ്ഥലം പ്രശസ്തമാക്കിയത് സോഷ്യല്‍ മീഡിയയിലെ ട്രാവല്‍ ഗ്രൂപ്പുകളാണ്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഇല്ലിക്കല്‍കല്ല് സ്ഥിതി ചെയ്യുന്നത് ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ്. 4000 അടി ഉയരമുള്ള ഇല്ലിക്കല്‍ കല്ല് മൂന്നു പാറക്കൂട്ടങ്ങള്‍ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ ‘കൂടക്കല്ല്’ എന്നും തൊട്ടടുത്ത് സർപ്പാകൃതിയില്‍ കാണപ്പെടുന്ന പാറ ‘കൂനൻ കല്ല്’ എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയില്‍ വലിയൊരു വിടവുണ്ട്. ഈ കല്ലില്‍ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. വാഗമണ്‍, തേക്കടി സഞ്ചരിക്കുന്നവർക്ക് ഇവിടെയെത്താനും പ്രയാസമുണ്ടാകില്ല. ഈരാറ്റുപേട്ടയ്ക്ക് അടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

9. പൂഞ്ഞാര്‍ കൊട്ടാരം

കേരളത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്ന കെട്ടിടമാണ് ഇത്. ഈ കൊട്ടാര ചുവരുകള്‍ക്കുള്ളില്‍ അനതിസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. തൊട്ടടുത്ത ശാസ്താക്ഷേത്രത്തിലെ കരിങ്കല്‍ ഭിത്തിയില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള ചുറ്റുവിളക്കുകള്‍ അത്യാകർഷകവും രാജ്യത്ത് അപൂർവവുമാണ്. കോട്ടയത്തുനിന്നും പാല-ഈരാറ്റുപേട്ട വഴിയില്‍ സഞ്ചരിച്ചാല്‍ പൂഞ്ഞാര്‍ കൊട്ടാരത്തിലെത്താം.

10. കോട്ടത്താവളം 

പൂഞ്ഞാർ, അടിവാരം മേഖലയിലാണ് മനോഹരമായ വെള്ളച്ചാട്ടമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ മൂന്ന്‌ കിലോമീറ്റര്‍ ദൂരം ജീപ്പില്‍ സഞ്ചരിച്ചും പിന്നീട്‌ അര കിലോമീറ്റര്‍ നടന്നും വേണം വെള്ളച്ചാട്ടത്തിനു സമീപമെത്താന്‍. മനോഹരമായ ഒരു വ്യൂ പോയിന്റും സമീപത്തായുണ്ട് എന്നത് ഇവിടെയെത്തുന്നവർക്ക് കാഴ്ചയുടെ മായാലോകം സാധ്യമാക്കുന്നു. കോട്ടയത്തു നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയാണ് കോട്ടത്താവളം ഉള്ളത്. വാഗമണ്‍ യാത്ര നടത്തുന്നവർക്ക് ഇവിടവും കണ്ട് മടങ്ങാവുന്നതാണ്.

11. മാർമല അരുവി വെള്ളച്ചാട്ടം 

കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്. ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു മാർമല അരുവി വെള്ളച്ചാട്ടം. വിനോദസഞ്ചാരികള്‍ ധാരാളമായി എത്താറുള്ള ഇല്ലിക്കല്‍ മലനിരകളും ഇല്ലിക്കല്‍കല്ലും ഇതിനടുത്താണ്. ഈരാറ്റുപേട്ടയില്‍ നിന്ന് പത്തുകിലോമീറ്റർ ദൂരമാണ് മാർമല അരുവിയിലേയ്ക്കുള്ളത്. തീക്കോയിയില്‍ നിന്ന് മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മാർമല അരുവിയില്‍ എത്താം. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം.

12. മാംഗോ മെഡോസ് പാർക്ക് 

ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമുള്ള മാംഗോ മെഡോസ് തന്നെയാണ്. ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം. നാലായിരത്തിലേറെ ഇനം അപൂർവ മരങ്ങള്‍ ഇവിടെയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കാര്യം ആദ്യമേതന്നെ പറയട്ടെ. സാധാരണ നമ്മള്‍ കണ്ടിട്ടുള്ള വീഗാലാന്‍ഡ്, സില്‍വര്‍ സ്റ്റോം മുതലായ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പോലെയല്ല ഇത് എന്നോര്‍ക്കുക. പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് മാംഗോ മെഡോസ് എന്ന ഈ മഹാപ്രപഞ്ചം.

13. നീണ്ടൂർ ജെ യെസ് ഫാം

 

അപ്പർ കുട്ടനാടിന്റെ ഭംഗി വാനോളം ആസ്വദിക്കാൻ നീണ്ടൂർ ജെ യെസ് ഫാം അവസരം നല്‍കുന്നു. ഒരു പ്രൈവറ്റ് ഫാം ആയിട്ടു കൂടി തികച്ചും സൗജന്യം ആണ് പ്രേവേശനം. ബോട്ടിങ്ങിനും, ഫുഡിനും പണം നല്‍കണം. ഫാം ടൂറിസത്തിന്റെ എല്ലാ ആധുനിക സാധ്യതകളും ഉള്‍പ്പെടുത്തി ആണ് ജെ യെസ് ഫാം പ്രവർത്തിക്കുന്നത്. വിവിധ ഇനം പശുക്കള്‍, കോഴികള്‍, പറവകള്‍, മീനുകള്‍, എമു പക്ഷി, കാട, കോവർ കഴുത, തുടങ്ങിയ വളർത്തു മൃഗങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്. നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന പാടശേഖരങ്ങള്‍, പായല്‍ പച്ച പുതപ്പിച്ച തടാകങ്ങള്‍, കരിമീനും വാളയും വിളയുന്ന കുളങ്ങള്‍, വരമ്ബത്തു നിലയുറച്ച കുള്ളൻ തെങ്ങുകള്‍ തുടങ്ങിയ കാഴ്ചകള്‍ തികച്ചും സൗജന്യം ആയി ആസ്വദിക്കാം. കുട്ടികള്‍ക്കായുള്ള ഒരു പാർക്കും, വാച്ച്‌ ടവറും ഒരുക്കിട്ടുണ്ട്.

14. മേട

പണ്ട് കാലത്ത് കാർഷിക ഉപകരണങ്ങളും നെല്ലും സൂക്ഷിക്കാൻ നിർമ്മിച്ച മേടയ്ക്ക് 200 വർഷം പഴക്കമുണ്ട്. ഇന്നും പഴമയുടെ തനിമ കാത്തുസൂക്ഷിച്ചു മേട നിലനില്‍ക്കുന്നു. രണ്ടു വശങ്ങളിലും വിശാലമായ പാടശേഖരങ്ങളും അപകടം ഇല്ലാതെ ശുദ്ധമായ തെളിനീരില്‍ കുളിക്കാൻ ശുദ്ധ ജലം നിറഞ്ഞ തോടും ഉണ്ട്. മേട സ്ഥിതി ചെയുന്നത് കോട്ടയം ജില്ലയിലെ പൈകയില്‍ നിന്ന് അഞ്ച് കി മീ മാറിയാണ്.

15. അരുവികുഴി വെള്ളച്ചാട്ടം

അതിമനോഹരമായ വെള്ളച്ചാട്ടമാണ് അരുവികുഴി വെള്ളച്ചാട്ടം. പള്ളിക്കത്തോടിന് അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം എല്ലാവരുടെയും ആകർഷണകേന്ദ്രമാണ്. സമയം ചിലവൊഴിക്കാൻ മികച്ച സ്ഥലം ആണ് ഇത്. മനോഹരം ആയ ഈ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുകയും കുളിക്കുകയും ചെയ്യാവുന്നതാണ്.

16. നാലുമണികാറ്റ്

വൈകുന്നേരങ്ങളിലെ പാടശേഖരങ്ങളില്‍ നിന്നുമുള്ള കാറ്റു ഏറ്റുകൊണ്ട് വിശ്രമിക്കാവുന്ന ഇരിപ്പിടങ്ങളും, ഊഞ്ഞാലുകളും, ഇതാണ് നാലുമണിക്കാറ്റിലെ വിശേഷങ്ങള്‍. ഒട്ടുമിക്ക യാത്രികരും വണ്ടി നിർത്തി വിശ്രമിക്കുന്ന സ്ഥലം. കുട്ടികള്‍ക്കായി ചെറിയ പാർക്കും നാലുമണികാറ്റില്‍ ഒരുക്കിട്ടുണ്ട്. ഒരു വലിയ ചുണ്ടൻ വള്ളത്തിന്റെ രൂപം ഇവിടെ നിർമിച്ചുവെച്ചിട്ടുണ്ട്. റോഡിനു ഇരു വശങ്ങളിലും വിശാലമായ പാടശേഖരങ്ങള്‍, അവിടെ ഒരു വിശ്രമ കേന്ദ്രം, ഇതാണ് ഇതിൻ്റെ പ്രത്യേകത.