
എല്ലായ്പ്പോഴും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കേരളം; പച്ചപ്പ് നിറഞ്ഞ മലകളും കുന്നുകളും വിനോദസഞ്ചാരികളെ എപ്പോഴും ആകർഷിച്ചുകൊണ്ടേയിരിക്കും; ഈ വേനലവധിക്കാലം കേരളത്തിൽ തന്നെ ആഘോഷിക്കാം ഇതാ പറ്റിയ ഇടങ്ങൾ..!
എല്ലായ്പ്പോഴും സഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കേരളം. വേനൽ അവധിക്കാലം എത്തുന്നതിന് ഒപ്പം തന്നെ ചൂടും അകമ്പടിയായി എത്തും.
പക്ഷേ കേരളത്തിലെ മലകളും കുന്നുകളും വേനൽക്കാലങ്ങളിൽ സഞ്ചാരികളെ കാത്തിരിക്കുകയാണ്. തീരപ്രദേശത്തെ അപേക്ഷിച്ച് മലമ്പ്രദേശങ്ങളിൽ ചൂട് കുറവാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ കുന്നിൻ ചെരുവകളിലും മലമുകളിലും ഈ അവധിക്കാലം കേരളത്തിൽ തന്നെ ആഘോഷമാക്കാം. അതിനു പറ്റിയ ചില ഇടങ്ങളിതാ.
മൂന്നാർ
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചപ്പിൽ മുങ്ങിക്കിടക്കുന്ന മൂന്നാർ ഏത് സമയത്തും സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തേയിലകൃഷി മൂന്നാറിലാണ്. പച്ചപ്പ് പുതച്ച്, നിരനിരയായി കിടക്കുന്ന തേയില തോട്ടങ്ങൾ നയനാനന്ദകരമായ കാഴ്ചയാണ്. തേയിലത്തോട്ടത്തിന് നടുവിലൂടെയുള്ള സഞ്ചാരം തന്നെ മനോഹരമായ ഒരു അനുഭവമാണ്.
വേനൽക്കാലങ്ങളിൽ കേരളത്തിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് ഇത്. കുന്നിൻ മുകളിലെ മൂടൽമഞ്ഞും പതിയെ ഒഴുകുന്ന മേഘങ്ങളും പക്ഷികളും തേയിലയുടെ സുഗന്ധവും തുടങ്ങി ഒരു സഞ്ചാരിയെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളാണ് മൂന്നാർ കാത്തു വച്ചിരിക്കുന്നത്. ക്യാംപിങ്ങും ട്രെക്കിങ്ങിനും മൂന്നാറിൽ അവസരമുണ്ട്. കൂടാതെ, തേയിലത്തോട്ടങ്ങൾ കാണാനും തേയില ഫാക്ടറികൾ സന്ദർശിക്കാനും മൗണ്ടൻ ബൈക്കിങ്ങിനും ഇവിടെ അവസരമുണ്ട്.
വയനാട്
കേരളത്തിൽ അവധിക്കാലം ആഘോഷിക്കാൻ പറ്റിയ ഇടങ്ങളിൽ ഒന്നാണ് വയനാട്. പ്രകൃതിഭംഗി ആസ്വദിക്കുന്നവർക്കു മാത്രമല്ല സാഹസികത ഇഷ്ടപ്പെടുന്നവർക്കും വയനാട്ടിലേക്ക് പോകാം. പച്ചപ്പിനാൽ നിറഞ്ഞു കിടക്കുന്ന കുന്നുകളും സുഗന്ധവ്യഞ്ജന തോട്ടങ്ങളും ഇടതൂർന്ന വനങ്ങളും പക്ഷിമൃഗാദികളും തുടങ്ങി നിരവധി കാഴ്ചകളാണ് വയനാട്ടിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ട്രെക്കിങ്ങും ക്യാംപിങ്ങും ഇഷ്ടപ്പെടുന്നവർക്കു വയനാട് മികച്ച ഒരു തിരഞ്ഞെടുപ്പ് ആയിരിക്കും.
പൂക്കോട് തടാകം, എൻ ഊര്, ബാണാസുര സാഗർ ഡാം പടിഞ്ഞാറത്തറ, കുറുമ്പാലകോട്ട മല, മാനന്തവാടിയിലെ പഴശി കുടീരം, തലപ്പുഴയിലെ മുനീശ്വരൻ മല, തോൽപ്പെട്ടി വന്യജീവി സങ്കേതം, തിരുനെല്ലി ക്ഷേത്രം, ബ്രഹ്മഗിരി ട്രെക്കിങ്, ചെമ്പ്ര ട്രെക്കിങ്, കുറുവദ്വീപ്, എടക്കൽ ഗുഹകൾ എന്നിങ്ങനെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വയനാട്ടിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.
തേക്കടി
പ്രശസ്തമായ പെരിയാർ വന്യജീവി സങ്കേതം തേക്കടിയിലാണ്. കേരളത്തിലെ ഏറ്റവും മനോഹരമായതും പ്രകൃതിഭംഗിയാൽ അനുഗ്രഹീതവുമായ സ്ഥലങ്ങളിൽ ഒന്നാണ് തേക്കടി. വന്യജീവി പ്രേമികൾക്കും ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്കും കേരളത്തിൽ സന്ദർശിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് തേക്കടി. കേരള – തമിഴ്നാട് അതിർത്തിയിലാണ് തേക്കടി സ്ഥിതി ചെയ്യുന്നത്.
വന്യജീവികളെ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി തേക്കടി യാത്ര തിരഞ്ഞെടുക്കാം. കൂടാതെ പെരിയാർ ടൈഗർ ട്രയൽ, ബാംബൂ റാഫ്റ്റിങ്, ബോട്ടിങ്, പ്രകൃതിയുടെ പച്ചപ്പ് ആസ്വദിച്ച് ഒരു നടത്തം ഇവയെല്ലാം തേക്കടി യാത്രയിൽ ലഭിക്കും.
ബേക്കൽ
വേനൽക്കാലങ്ങളിൽ മലയോര മേഖലയാണ് യാത്ര പോകാൻ നല്ലതെങ്കിലും തീരദേശത്തേക്കും ഒരു ചെറിയ യാത്രയാകാം. പ്രത്യേകിച്ച് ചരിത്രം ഉറങ്ങുന്ന ബേക്കൽ പോലെയുള്ള സ്ഥലങ്ങളിലേക്ക്. ബേക്കലിലെ പ്രധാന ആകർഷണം ബേക്കൽ കോട്ടയാണ്.
300 വർഷം പഴക്കമുള്ള ഈ കോട്ട വേനൽക്കാലങ്ങളിൽ സന്ദർശിക്കാവുന്ന ഇടങ്ങളിൽ ഒന്നാണ്. കൂടാതെ, കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും ഇഷ്ടപ്പെടുന്നവർക്ക് ബേക്കലിലേക്ക് പോകാവുന്നതാണ്. ബേക്കലിൽ പ്രധാനമായും ബീച്ച് ആസ്വദിക്കാവുന്നതാണ്. ബേക്കൽ ഹോൾ അക്വാ പാർക്ക്, കായൽ സവാരി എന്നിങ്ങനെ നിരവധി വൈവിധ്യങ്ങളാണ് ബേക്കലിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.
കുമരകം
കോട്ടയം ജില്ലയിലാണ് കുമരകം സ്ഥിതി ചെയ്യുന്നത്. പച്ചപ്പിനാൽ സമ്പന്നമായ കുമരകത്തേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. വേമ്പനാട് കായലിനോട് ചേർന്നാണ് കുമരകം സ്ഥിതി ചെയ്യുന്നത്. ദേശാടന പക്ഷികളുടെ പറുദീസയായ ഇവിടം പക്ഷിനിരീക്ഷകരുടെ ഇഷ്ടകേന്ദ്രമാണ്. കോട്ടയം പട്ടണത്തിൽ നിന്നും 14 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കുമരകം ഒരു കൊച്ചു ഗ്രാമമാണ്. ഹൗസ്ബോട്ടിലെ താമസവും പക്ഷിനിരീക്ഷണവുമാണ് കുമരകത്ത് പ്രധാനമായും ചെയ്യേണ്ടത്. ആയുർവേദ സ്പാ, വാട്ടർഫാൾ ട്രക്കിംഗ് എന്നിവയ്ക്കും അവസരമുണ്ട്. കഥകളിയും ആസ്വദിക്കാം.
ആലപ്പുഴ
കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ പട്ടികയിലുള്ള പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ആലപ്പുഴ. കനാലുകളും ജലപാതകളും ഹൗസ്ബോട്ടുകളും ഒക്കെയാണ് ആലപ്പുഴയുടെ പ്രധാന ആകർഷണം. കേരളത്തിലെ ഏറ്റവും മനോഹരമായ കായലുകളുടെ കേന്ദ്രം കൂടിയാണ് ആലപ്പുഴ. കിഴക്കിൻ്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നത്.
പച്ചപ്പ് നിറഞ്ഞ നെൽപ്പാടങ്ങളും ആഡംബര പൂർണമായ ഹൗസ് ബോട്ടുകളും ആലപ്പുഴയുടെ പ്രധാന ആകർഷണങ്ങളാണ്. വഞ്ചിവീട് അഥവാ ഹൗസ് ബോട്ട് യാത്രകളാണ് ആലപ്പുഴയിൽ എത്തിയാൽ പ്രധാനമായും നടത്തേണ്ടത്. കൂടാതെ കയാക്കിങ്, പക്ഷിനിരീക്ഷണം, ആയുർവേദ സ്പാ, ഷോപ്പിങ് എന്നിവ ഇഷ്ടപ്പെടുന്നവർക്കും ആലപ്പുഴയിൽ ഇവയെല്ലാം ആസ്വദിക്കാനുള്ള അവസരമുണ്ട്.
വർക്കല
നഗരജീവിതത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി വിശ്രമിക്കാൻ ഒരു സ്ഥലം അന്വേഷിക്കുന്നവർക്ക് പറ്റിയ ഇടമാണ് വർക്കല. വർക്കലയിലെ ബീച്ചുകളാണ് ഇവിടെ എത്തുന്നവരുടെ പ്രധാന ആകർഷണങ്ങൾ. ആത്മീയ യാത്രയിൽ താൽപര്യമുള്ളവർക്കും വർക്കല പറ്റിയ ഒരു ഇടമാണ്. നിരവധി അംഗീകൃത യോഗ കേന്ദ്രങ്ങളും ഇവിടുണ്ട്. പാരാഗ്ലൈഡിങ്, പാരാസെയിലിങ്, യോഗ, ബോട്ടിങ്, കയാക്കിങ് തുടങ്ങി നിരവധി വിനോദങ്ങളിൽ ഏർപ്പെടാവുന്നതാണ്.