
സ്വന്തം ലേഖകൻ
മുണ്ടക്കയം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്തൊഴിഞ്ഞ പേമാരിയിൽ കോട്ടയം, ഇടുക്കി ജില്ലകൾ നേരിട്ട നഷ്ടം പറഞ്ഞറിയിക്കാനാകാത്തതാണ്. ദുരന്തത്തിന്റെ തീരാവേദനയിൽ നിന്ന് ഇപ്പോഴും കൂട്ടിക്കലും, കൊക്കയാറിലുമുള്ളവർ മുക്തരായിട്ടില്ല.
ജീവിതത്തിലെ സകല സമ്പാദ്യവും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയപ്പോൾ നിസ്സഹായരായി നോക്കി നിന്നവരുടെ ഇടയിലേക്ക് മലയാളികളായ ടൂറിസ്റ്റുകളുടെ നീണ്ട നിരയാണ് എത്തിക്കൊണ്ടിരിക്കുന്നത്.ഇത് അവരെ ആശ്വസിപ്പിക്കുവാനോ അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുവാനോ അല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറിച്ച് പ്രളയബാധിത മേഖലയിലെ കാഴ്ചകൾ കാണാനും സെൽഫിയെടുക്കാനും ആണ്.
കുടുംബത്തിലെ മുഴുവൻ ആൾക്കാരും ഒലിച്ച് പോയ മാർട്ടിൻ്റെ വീടിനും പരിസരത്തുമെല്ലാം സെൽഫി എടുക്കുന്ന തിരക്കിലാണ് ടൂറിസ്റ്റുകൾ. ഭാര്യയേയും, ഭർത്താവിനേയും, മക്കളേയും, വീടും, കൃഷിയും, സകല സ്വത്തുക്കളും നഷ്ടപ്പെട്ടവർ ചങ്കുപിടഞ്ഞ് നിൽക്കുന്ന സ്ഥലത്താണ് സെൽഫി പ്രേമവുമായി ചിലർ എത്തുന്നത്.
ആദ്യ ഉരുൾപൊട്ടലിൻ്റെ ഞെട്ടൽ മാറും മുൻപാണ് കഴിഞ്ഞ ദിവസം ഇളംകാട് മ്ലാക്കരയിൽ വീണ്ടും ഉരുൾപൊട്ടിയത്. നിരവധി പാലങ്ങൾ ഒലിച്ച് പോയതിനാൽ കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് പല പ്രദേശങ്ങളും.
പലയിടത്തും താല്കാലിക പാലങ്ങൾ പണിതെങ്കിലും ജീവൻ പണയം വെച്ച് വേണം പാലത്തിൽ കയറാൻ. അക്കരെ എത്തിയാൽ ഭാഗ്യം എന്നേ പറയേണ്ടതുള്ളു.
ഇതിനെല്ലാം ഇടയിലേയ്ക്കാണ് ദുരന്തമുഖത്തു നിന്ന് സെൽഫി എടുക്കാൻ ടൂറിസ്റ്റുകളെത്തുന്നത്. ചങ്ക് പിടയുന്നത് ആസ്വദിക്കാനെത്തുന്ന മലായാളികളെ നാണമില്ലേ നിങ്ങൾക്ക്?