
ടൂറിസ്റ്റ് ബസ് യാത്രക്കാരൻ്റെ ബാഗ് കവർന്ന് എംടിഎം മോഷ്ടിച്ച് പണം തട്ടിയ കേസിൽ ബസ് ക്ലീനർ അറസ്റ്റിൽ
കൊല്ലം: ടൂറിസ്റ്റ് ബസ് യാത്രക്കാരൻ്റെ ബാഗ് കവർന്ന് എംടിഎം ഉപയോഗിച്ച് പണം തട്ടിയ ബസ് ക്ലീനറെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂർ കുന്നക്കാട് ആഞ്ഞലിത്താനം കൊച്ചുകുന്ന് കാട്ടിൽ വീട്ടിൽ എം. ജോബിൻ മാത്യു (37) ആണ് പിടിയിലായത്.
ഇയാൾ പുനലൂർ-ബംഗളൂരു കല്ലട ടൂറിസ്റ്റ് ബസിലെ സഹായിയാണ്. ചാലക്കുടി വേലൂർ കുന്നപ്പള്ളി പുഷ്പഗിരി കുരിശേരി വീട്ടിൽ പി. ജോണിൻ്റെ പണവും രേഖകളുമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ സെപംറ്റംബർ 29ന് രാത്രി 10.30ഓടെ ജോണും ഭാര്യയും കല്ലട ടൂറിസ്റ്റ് ബസിൽ ചാലക്കുടിയിൽ നിന്നും ബംഗളൂരു പോയിരുന്നു.
29ന് രാത്രി ഇരുവരും അവിടെ നിന്നും പുനലൂരിലേക്കുള്ള ഇതേ ബസിൽ കയറി പിറ്റേന്ന് ചാലക്കുടിയിൽ എത്തിയിരുന്നു. വീട്ടിൽ എത്തിയപ്പോൾ ജോണിൻ്റെ എം.ടി.എം, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ രേഖകൾ അടങ്ങിയ ഹാൻഡ് ബാഗ് നഷ്ടപ്പെട്ടതായി മനസിലായി. തുടർന്ന് എംടിഎം കാർഡ് ഉപയോഗിച്ച് പുനലൂർ യൂണിയൻ ബാങ്ക്, അടൂർ എന്നിവിടങ്ങളിലെ എംടിഎമ്മുകളിൽ നിന്നും നാലു തവണയായി 40,000 രൂപ പിൻവലിച്ചതായി ജോണിൻ്റെ മൊബൈലിൽ മെസേജ് എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെ തുടർന്ന് ജോൺ പുനലൂർ പൊലീസിൽ പരാതി നൽകി. പ്രത്യേക പൊലീസ് സംഘം പുനലൂരിലെ ഉൾപ്പടെ എം.ടി.എമ്മുകളിലെ സിസിടിവി കാമറ ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞങ്കിലും ഇയാൾ ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് വൈകിയത്. മുമ്പും ഇത്തരത്തിലുള്ള കേസുകളിൽ ഇയാൾ പെട്ടിട്ടുണ്ടോന്ന് അന്വേഷിച്ചുവരുന്നതായി പുനലൂർ എസ്എച്ച്ഒ ടി രാജേഷ് കുമാർ പറഞ്ഞു.