
തിരുവനന്തപുരം: അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്‍റെ റാങ്കിംഗിൽ കേരള ടൂറിസം വെബ്സൈറ്റ് (keralatourism.org) ഒന്നാമതെത്തി.ഭാരത് സര്‍ക്കാരിന്‍റെ ഇന്‍ക്രെഡിബിൾ ഇന്ത്യ വെബ്സൈറ്റാണ് രണ്ടാം സ്ഥാനത്ത്. ആഗോള റാങ്കിംഗില്‍ ട്രാവല്‍ സൈറ്റുകളില്‍ രണ്ടാംസ്ഥാനത്താണ് കേരളം. വിവിധ രാജ്യങ്ങളുടെ ടൂറിസം സൈറ്റുകളുടെ റാങ്കിംഗിലും ടൂറിസം ഇന്‍ഡസ്ട്രി വിഭാഗത്തിലും കേരളം രണ്ടാം സ്ഥാനത്തെത്തി. ഈ മൂന്ന് വിഭാഗങ്ങളിലും തായ് ലാന്‍റ് ടൂറിസമാണ് ഒന്നാമത്. മൂന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ യഥാക്രമം വിയറ്റ്നാമും ഇന്‍ക്രഡിബിള്‍ ഇന്ത്യയും ഇന്തോനേഷ്യയുമാണ്.
2007 ല്‍ ആരംഭിച്ച സിമിലര്‍ വെബ് ഡോട്ട് കോം വെബ് ട്രാഫിക് വിശകലനത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിയ സൈറ്റ് ആണ്. ഗൂഗിള്‍ വിശകലനമനുസരിച്ച് 60 ലക്ഷം പേര്‍ കേരള ടൂറിസം വെബ്സൈറ്റില്‍ ഇക്കാലയളവില്‍ 79 ലക്ഷത്തോളം സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. അവരെല്ലാം ചേര്‍ന്ന് കണ്ടിരിക്കുന്നത് ഒന്നരക്കോടിയിലധികം വെബ്പേജുകളാണ്. ആഗോള ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയിലുള്ള കേരളത്തിന്‍റെ പ്രാധാന്യത്തിനും വിനോദസഞ്ചാരികള്‍ക്കിടയിലെ സ്വീകാര്യതയ്ക്കും ലഭിച്ച അംഗീകാരമാണ് വെബ്സൈറ്റ് റാങ്കിംഗിലെ നേട്ടമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വികസനത്തില്‍ ഡിജിറ്റല്‍ പ്രചാരണത്തിന്‍റെ പ്രാധാന്യം സംസ്ഥാനം തിരിച്ചറിഞ്ഞിട്ടുണ്ട്. യാത്രികരുടെ മാറുന്ന അഭിരുചി തിരിച്ചറിഞ്ഞാണ് നൂതന പദ്ധതികളും ഉത്പന്നങ്ങളും കേരള ടൂറിസം നടപ്പാക്കുന്നത്. ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്ത വെബ്സൈറ്റിലൂടെ സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏകദേശം 58 ലക്ഷത്തോളം ഉപയോക്താക്കള്‍ സെര്‍ച്ചിലൂടെയാണ് കേരള ടൂറിസം സൈറ്റിലെത്തിയത്. 10 ലക്ഷത്തിലധികം ആളുകള്‍ കേരള ടൂറിസം ഒആര്‍ജി എന്ന് ടൈപ്പ് ചെയ്ത് സൈറ്റിലെത്തി. 10 ലക്ഷത്തോളം സന്ദര്‍ശകര്‍ പരസ്യങ്ങളിലൂടെ എത്തി. ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ വെബ്സൈറ്റിലെത്തുന്നുണ്ട്. ഹോം പേജിനു പുറമേ താമസ സൗകര്യങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ടൂര്‍ പാക്കേജുകള്‍, ഹെലി ടൂറിസം, വെഡ്ഡിങ് ഡെസ്റ്റിനേഷന്‍, ഉത്സവ കലണ്ടര്‍, തെയ്യം കലണ്ടര്‍, യോഗ തുടങ്ങിയ പേജുകളിലും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group