കുമരകം: മണ്‍സൂണ്‍ സീസണിന്റെ തുടക്കത്തിൽ ടൂറിസം മേഖലയ്ക്ക് പുതുജീവന്‍ നല്‍കാനൊരുങ്ങുകയാണ് കുമരകം. ജൂണ്‍ മുതല്‍ സെപ്തംബർ വരെയുള്ള മണ്‍സൂണ്‍ പാക്കേജുകളുമായി റിസോർട്ടുകളും ഹൗസ് ബോട്ട് മേഖലയും വിനോദസഞ്ചാരികളെ ക്ഷണിക്കുകയാണ്. ഇതിനു മുന്നോടിയായി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം മദ്ധ്യവേനലവധിയ്ക്ക് കായല്‍ സൗന്ദര്യം ആസ്വദിക്കാൻ കേരളത്തിനകത്തും പുറത്തും നിന്ന് കുടുംബസമേതമാണ് സഞ്ചാരികള്‍ എത്തിയത്. മണ്‍സൂണ്‍ ടൂറിസം കാണാനും ആയുർവേദ ചികിത്സയ്ക്കും വേണ്ടിയാണ് വിദേശികൾ പ്രധാനമായും കുമരകത്ത് എത്താർ.
ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കുമരകത്തെ ഗ്രാമീണ ജീവിതം ആസ്വദിക്കാൻ ഉത്തരേന്ത്യയില്‍ നിന്നുള്ളവരും എത്തുന്നുണ്ട്. മഴ ആസ്വദിക്കാനായി ജൂണ്‍, ജൂലായ് മാസങ്ങളിൽ കുമരകത്തേക്ക് എത്തുന്നവർ ഏറെയാണ്. അതേസമയം മണ്‍സൂണ്‍ ടൂറിസവുമായി ബന്ധപ്പെട്ട് ചില പരിമിതികളും നിലനില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനം കാലാവസ്ഥയാണ്. വൈകുന്നേരങ്ങളിൽ മഴയും കാറ്റും ഹൗസ് ബോട്ടുകളുടെ പ്രവർത്തനത്തെ നേരിയതായെങ്കിലും ബാധിക്കുന്നു. കൂടാതെ കായലിലെ പോള ശല്യമാണ് വേറൊരു പ്രശ്നം. ബോട്ടുകള്‍ കടന്നു പോകുമ്പോൾ പ്രൊപ്പല്ലറില്‍ പോള കുരുങ്ങി തകരാർ സംഭവിക്കാനിടയാക്കും. മഴ ശക്തമായാല്‍ പോള നീങ്ങുമെന്നാണ് പ്രതീക്ഷ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇങ്ങനെയൊക്കെ ആണെങ്കിലും ഈ സീസണിലും കുമരകം ടൂറിസത്തിന് ഉണര്‍വു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആളുകൾ.