18ാം വയസില്‍ കോടികള്‍ തട്ടിയെടുത്ത സൂത്രധാരന്‍; ‘ടോട്ടല്‍ ഫോര്‍ യു’ കേസിലെ പ്രതി വീണ്ടും തട്ടിപ്പുമായി കളത്തില്‍; ഓണ്‍ലൈന്‍ ട്രേഡിങിനുവേണ്ടി അഭിഭാഷകനില്‍ നിന്ന് തട്ടിയത് 34 ലക്ഷം രൂപ; കേസെടുത്ത് പോലീസ്

Spread the love

തിരുവനന്തപുരം: കേരളത്തില്‍ ഒരിക്കല്‍ വലിയ കോളിളക്കത്തിന് വഴിവെച്ച തട്ടിപ്പായിരുന്നു ‘ടോട്ടല്‍ ഫോര്‍ യു’.

കോടികളുടെ തട്ടിപ്പു നടത്തിയത്തില്‍ അന്ന് പ്രതിനായകനായിരുന്നത് വെറും 18 വയസുകാരനായ പയ്യനായിരുന്നു.
ശബരിനാഥ് എന്ന ആ പ്രതി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു സാമ്പത്തിക തട്ടിപ്പു കേസിലാണ്. ഓണ്‍ലൈന്‍ ട്രേഡിങിനുവേണ്ടി അഭിഭാഷകനില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

സഞ്ജയ് എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കോടതിയില്‍ വച്ചുള്ള പരിചയമാണ് സാമ്പത്തിക ഇടപാടുകളിലേക്ക് നയിച്ചതെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടികളുടെ തട്ടിപ്പ് നടത്തിയതിന് 2008ല്‍ ശബരിനാഥിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജയില്‍ മോചിതനായി. ഇതിന് ശേഷം ശബരിനാഥ് എവിടെയാണെന്ന് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. നിരവധി കേസുകളില്‍ ഇയാള്‍ വിചാരണ നേരിടുകയാണ്.

ഓണ്‍ലൈന്‍ ട്രേഡിങ് സ്ഥാപനം നടത്തി ലാഭമുണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഒരുകാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ കേസായിരുന്നു ടോട്ടല്‍ ഫോര്‍ യു. ചലച്ചിത്ര താരങ്ങളും ജുഡീഷ്യല്‍ ഓഫിസര്‍മാരും ബിസിനസ് പ്രമുഖരുംവരെ അന്ന് തട്ടിപ്പില്‍പെട്ട് വഞ്ചിതരായി. ആരെയും വെല്ലുന്ന വാക്ചാതുരിയായിരുന്നു ശബരിയുടെ പ്രത്യേകത. കള്ളപ്പണം നിക്ഷേപിച്ചവരില്‍ പലരും പൊലീസില്‍ പരാതിപ്പെടാന്‍ പോലും തയാറായില്ല.

തിരുവനന്തപുരത്തു മെഡിക്കല്‍ കോളജ്, ചാലക്കുഴി, സ്റ്റാച്യു ക്യാപിറ്റോള്‍ ടവേഴ്സ്, പുന്നപുരം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ഐനെസ്റ്റ്, എസ്ജെആര്‍, ടോട്ടല്‍ സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ ആരംഭിച്ചായിരുന്നു തട്ടിപ്പിനു തുടക്കം. നിക്ഷേപകര്‍ക്ക് 100% വളര്‍ച്ചാനിരക്കും 20% ഏജന്റ് കമ്മിഷനും വാഗ്ദാനം ചെയ്തു.