video
play-sharp-fill
തക്കാളിക്ക് തീവില; ഒറ്റ ദിവസം കൊണ്ട് കൂടിയത് ഇരുപത് രൂപ: പൊലീസിന്റെ പിടിയിൽ വില താനേ കുറഞ്ഞു; കൊള്ള വിലയ്ക്ക് പൊലീസിന്റെ കൂച്ചുവിലങ്ങ്

തക്കാളിക്ക് തീവില; ഒറ്റ ദിവസം കൊണ്ട് കൂടിയത് ഇരുപത് രൂപ: പൊലീസിന്റെ പിടിയിൽ വില താനേ കുറഞ്ഞു; കൊള്ള വിലയ്ക്ക് പൊലീസിന്റെ കൂച്ചുവിലങ്ങ്

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയത്തിന്റെ മറവിൽ പൊതുജനത്തെ കൊള്ളയടിക്കാൻ നോക്കിയ വ്യാപാരികൾക്ക് പൊലീസിന്റെ കൂച്ചുവിലങ്ങ്. കോട്ടയം നഗരത്തിൽ എം എൽ റോഡിലാണ് വ്യാപാരികൾ പച്ചക്കറിക്ക് ഒറ്റ ദിവസം കൊണ്ട് ഇരുപത് രൂപ വർധിപ്പിച്ചത്. പ്രളയം മൂലം സാധനങ്ങൾ സംസ്ഥാനത്തേയ്ക്ക് എത്തുന്നില്ലെന്ന് പ്രചരിപ്പിച്ചാണ് സംഘം വൻതോതിൽ സാധാരക്കാരെ കൊളളയടിച്ചത്. നഗരത്തിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം അകലെ കോടിമത പച്ചക്കറി മാർക്കറ്റിൽ സാധനങ്ങൾ കുറഞ്ഞ വിലയിൽ സുലഭമായി ലഭിക്കുമ്പോഴാണ് എം എൽ റോഡിലെ വ്യാപാരികൾ നാട്ടുകാരെ കൊള്ളയടിക്കുന്നത്. മൊത്ത വ്യാപാരികൾ 34 രൂപയ്ക്ക് വിറ്റിരുന്ന തക്കാളി 60 രൂപയ്ക്കാണ് കോട്ടയം എംഎൽ റോഡിൽ വിറ്റിരുന്നത്. 90 രൂപയുടെ ഇഞ്ചി 160 രൂപയ്ക്കും, 32 രൂപയുടെ ബീൻസ് 60 രൂപയ്ക്കും, 45 രൂപയുടെ ഏത്തയ്ക്ക 80 രൂപയ്ക്കും, 25 രൂപയുടെ സവാളയ്ക്കും, 27 രൂപയുടെ ഉരുളക്കിഴങ്ങിനും 40 രൂപയാണ് വാങ്ങിയിരുന്നത്.
ഭക്ഷ്യസാധനങ്ങൾക്ക് കൊള്ള വില ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ മാർക്കറ്റുകളിൽ പരിശോധന നടത്താൻ ജില്ലാ കളക്ടർ ബി എസ് തിരുമേനിയും, ജില്ലാ പൊലീസ് മേധാവി ഹരിശങ്കറും പൊലീസിനും വിവിധ വകുപ്പുകൾക്കും നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ് പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച കോട്ടയം എംഎൽ റോഡിലെ മാർക്കറ്റിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ശേഷം പച്ചക്കറി വില ഇരുപത് രൂപ വരെ കുറഞ്ഞിട്ടുണ്ട്. തക്കാളിക്ക് 40 രൂപയും, ഇഞ്ചിക്ക് നൂറ് രൂപയും, ബീൻസിന് 40 രൂപയും, ഏത്തക്കയ്ക്ക് 55 രൂപയും, സവാളയക്കും കിഴങ്ങിനും 30 രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും.