
കള്ളുഷാപ്പിൽ എത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് അയ്മനം സ്വദേശികൾ
സ്വന്തം ലേഖിക
കോട്ടയം: കള്ള് ഷാപ്പിൽ എത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
അയ്മനം അമ്പലക്കടവ് ഭാഗത്ത് മംഗലംചിറ വീട്ടിൽ തങ്കച്ചൻ മകൻ സുനീഷ് റ്റി (37), അയ്മനം അമ്പലക്കടവ് ഭാഗത്ത് മംഗലംചിറ വീട്ടിൽ രാമചന്ദ്രൻ മകൻ നിതീഷ് എം.ആർ(അപ്പു 31) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ക്രിസ്തുമസ് ദിനത്തിൽ പരിപ്പ് കുഴിവേലിപ്പടി ഭാഗത്ത് പ്രവർത്തിക്കുന്ന ഷാപ്പിൽ എത്തിയ യുവാക്കളെ ചീത്ത വിളിക്കുകയും, ഇരുമ്പ് തൊട്ടി കൊണ്ട് തലയ്ക്കും, മുഖത്തിനും അടിക്കുകയുമായിരുന്നു. ഷാപ്പിലിരുന്ന പ്രതികളെ യുവാക്കള്‍ ബഹുമാനിച്ചില്ല എന്നതിന്റെ പേരിലാണ് ഇവര്‍ ആക്രമിച്ചത്.
സംഭവത്തിനുശേഷം ഇരുവരും ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ കുമരകം എസ്.എൻ കോളേജിന് സമീപത്തുള്ള ആശാരിച്ചേരി കോളനിയിൽ നിന്നും ഇന്നലെ രാത്രി സാഹസികമായി പിടികൂടുകയുമായിരുന്നു.
പ്രതികളിൽ ഒരാളായ നിതീഷ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. മറ്റൊരു പ്രതിയായ സുനീഷിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്. ഐ സുരേഷ് ടി, സി.പി.ഓ മാരായ വിജയ് ശങ്കർ, ഷൈൻതമ്പി, പിയുഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.