ടി.ഒ സൂരജിന്റെ സ്വത്ത് കണ്ട് കെട്ടിയേക്കും: അഴിമതിക്കെതിരെ കർശന നടപടിയടുക്ക് പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പിണറായി സർക്കാർ; പാലാരിവട്ടം പാലം കേസിൽ നടപടികൾ ശക്തമാകുന്നു
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല അടക്കമുള്ള പ്രശ്‌നങ്ങളിൽ ഉഴറുന്ന സർക്കാരിന് ഉപതിരഞ്ഞെടുപ്പിൽ വജ്രായുധമായി പാലാരിവട്ടം പാലം. പാലാരിവട്ടം പാലമിട്ട് പാലാ ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള സമസ്യകൾ കടക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ പ്രതികളുടെ സ്വത്ത് കണ്ട് കെട്ടുന്നത് അടക്കമുള്ള നടപടികളിലേയ്ക്ക് സർക്കാർ കടന്നേക്കും എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടി.ഒ സൂരജ് അടക്കമുള്ളവരുടെ കണക്കിൽകവിഞ്ഞ സ്വത്ത് പൂർണ്ണമായും കണ്ടു കെട്ടുന്നതിനാണ് സർക്കാർ നീക്കം.
ഇതിന്റെ ഭാഗമായി പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്ക് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കാൻ വിജലൻസ് തീരുമാനിച്ചു ദേശീയ പാത അഥോറിറ്റിയെ ഒഴിവാക്കി പാലാരിവട്ടം പാലം നിർമ്മാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തത് ടോൾ ഒഴിവാക്കാൻ ആണെന്നായിരുന്നു അന്ന് ഉന്നയിച്ച വാദം. ഈ വഴിയിലൂടെ അഴിമതി കളമൊരുക്കി തട്ടിപ്പ് സുഗമമാക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നായിരുന്നു വിജിലൻസിന്റെ വിലയിരുത്തൽ. ഈ ഗൂഢാലോചനക്ക് പിന്നിലെ മുഴുവൻ പേരെയും കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നുള്ള അപേക്ഷയിൽ വിജിലൻസ് പറയുന്നു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ കോഴപ്പണം പങ്കുവെച്ചതിന്റെ വിവരങ്ങൾ ലഭിക്കുമെന്നാണ് വിജിലൻസിന്റെ പ്രതീക്ഷ. വിജിലൻസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയും പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.റോഡ് ഫണ്ട് ബോർഡിൽ നിന്നും പണം ചെലവഴിച്ചാണ് പാലം പണിതത്. പെട്രോളിനും ഡീസലിനും ഒരു രൂപ പ്രത്യേകം സെസ് ഏർപ്പെടുത്തിയാണ് റോഡ്, പാലം നിർമ്മാണങ്ങൾക്ക് ബോർഡ് പണം കണ്ടെത്തുന്നത്. ഇത് സാധാരണ ജനങ്ങളുടെ പണമാണ്. ഈ പണമാണ് പ്രതികൾ കൊള്ളയടിച്ചത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണം. കുറ്റകൃത്യത്തിൽ ഇവരുടെ പങ്കാളികളേയും കണ്ടെത്തണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി തവണ ചോദ്യം ചെയ്തെങ്കിലും പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. നാല് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യം അഭ്യർത്ഥിച്ച് പ്രതികൾ വെള്ളിയാഴ്ച അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷകളും കോടതി പരിഗണിക്കും.
ടി.ഒ.സൂരജ് അടക്കമുള്ള പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയതായി വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. കരാറുകാരന് വൻ ലാഭമുണ്ടാക്കാൻ വഴിവിട്ട് സഹായം ചെയ്തു. പാലാരിവട്ടം പാലം നിർമ്മാണത്തിന്റെ ക്വട്ടേഷൻ ക്ഷണിച്ചതു മുതൽ നിർമ്മാണം വരെ സകലതിലും അഴിമതി വ്യക്തമാണെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. ഓരോ പ്രതികളും ചെയ്ത ക്രമക്കേടുകൾ പേരെടുത്ത് സൂചിപ്പിച്ചിട്ടുണ്ട്.
കരാർ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് നിർമ്മാണം ആരംഭിക്കാനായി കരാർ ഏറ്റെടുത്ത ആർ.ഡി.എസ്. ന് 8,25,59,768 രൂപ നൽകി. ഇക്കാര്യത്തിൽ ടി.ഒ.സൂരജ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള അസി.ജനറൽ മാനേജർ എം ടി.തങ്കച്ചൻ, കിറ്റ്കോ ജനറൽ മാനേജർ ബെന്നി പോൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി. വേണ്ടത്ര രേഖകൾ സമർപ്പിക്കാതിരുന്നിട്ടും ആർ.ഡി.എസ്.ന് മൂവരും ചേർന്ന് കരാർ നൽകി.
മുൻകൂട്ടി നൽകിയ പണത്തിന് ഏഴു ശതമാനം എന്ന കുറഞ്ഞ പലിശ നിരക്ക് നിശ്ചയിച്ചത് ടി.ഒ.സൂരജാണ്. ഇങ്ങനെ പണം നൽകുമ്‌ബോൾ 30 ശതമാനം ബിൽ തുക റോഡ് ഫണ്ട് ബോർഡിൽ പിടിച്ചു വയ്ക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ ഇത് 10 ശതമാനം മതിയെന്ന് സൂരജ് ഫയലിൽ കുറിച്ചു. റോഡ് ഫണ്ട് ബോഡിൽ നിന്ന് നേരിട്ട് കരാറുകാരന് പണം നൽകാനുള്ള സൗകര്യവും സൂരജ് ചെയ്തു നൽകി.
ആർ.ഡി.എസ്. പാലം നിർമ്മാണത്തിനായി 47,68,38,214 രൂപയുടെ ക്വട്ടേഷനാണ് നൽകിയത്. ഇത് മറ്റുള്ളവരേക്കാൾ ഉയർന്ന തുകയായിട്ടും ക്വട്ടേഷൻ നിരസിക്കാതെ കിറ്റ്കോയുടെ പരിഗണനയ്ക്ക് അയച്ചത് എം ടി.തങ്കച്ചനാണ്. കിറ്റ്കോ പാലം നിർമ്മാണത്തിന്റെ മേൽനോട്ടത്തിൽ ഗുരുതരമായ വീഴ്ച വരുത്തി. പാലത്തിൽ നിന്ന് ശേഖരിച്ച കോൺക്രീറ്റ് സാമ്പിളിന് പരിശോധനയിൽ വേണ്ടത്ര ഗുണ നിലവാരമില്ലെന്ന് തെളിഞ്ഞതായും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.