കാണാതായ ഭർത്താവിനെ മൂന്നു വർഷത്തിന് ശേഷം ടിക് ടോക്കിലൂടെ ഭാര്യ കണ്ടെത്തി
സ്വന്തം ലേഖിക
വില്ലുപുരം: കാണാതായ ഭർത്താവിനെ മൂന്നു വർഷത്തിന് ശേഷം ഭാര്യ ടിക് ടോക്ക് വീഡിയോയിലൂടെ കണ്ടെത്തി. തമിഴ്നാട് വില്ലുപുരം സ്വദേശിയായ ജയപ്രദയാണ് തന്റെ ഭർത്താവ് സുരേഷിനെ മൂന്ന് വർഷങ്ങൾക്ക് ശേഷം ടിക് ടോക്ക് വീഡിയോയിലൂടെ കണ്ടെത്തിയത്.2017 ൽ ജോലിക്കായി പോയ സുരേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നീട് സുഹൃത്തുക്കൾക്കിടയിലും ബന്ധുക്കൾക്കിടയിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോലീസ് അന്വേഷണത്തിലും ഇയാളെ കണ്ടെത്താനായില്ല. ഇപ്പോൾ മൂന്ന് വർഷങ്ങൾക്ക് ശേഷം ഇയാളെ ടിക് ടോക്ക് വീഡിയോയിലൂടെ കണ്ടെത്തുകയായിരുന്നു ജയപ്രദ.കഴിഞ്ഞ ദിവസം ജയപ്രദയുടെ ബന്ധുക്കളിലൊരാൾ ഒരു ട്രാൻസ്‌ജെൻഡർ യുവതിയുമൊത്തുള്ള ടിക് ടോക്ക് വീഡിയോയിൽ സുരേഷിനെ കാണുകയായിരുന്നു. ഈ വിവരം പോലീസിൽ അറിയിച്ചു. പിന്നീട് ട്രാൻസ്‌ജെൻഡർമാരുടെ എൻ.ജി.ഒയുടെ സഹായത്തോടെ പോലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു.കുടുംബപ്രശ്നങ്ങളിലുള്ള അതൃപ്തിയെ തുടർന്നാണ് നാടുവിട്ടതെന്ന് സുരേഷ് പറഞ്ഞു. നാടുവിട്ട ഇയാൾ വീഡിയോയിലുള്ള ട്രാൻസ്‌ജെൻഡർ യുവതിയുമായി സൗഹൃദത്തിലായി. തുടർന്ന് ഹൊസൂറിൽ മെക്കാനിക്കായി ജോലി നോക്കുകയായിരുന്നുവെന്നു സുരേഷ് പോലീസിന് മൊഴി നൽകി. തുടർന്ന് പോലീസ് നടത്തിയ കൗൺസിലിങിന് ശേഷം ഇയാൾ ഭാര്യയോടും മക്കളോടുമൊപ്പം പോകാൻ തയാറാവുകയായിരുന്നു.