
കോന്നി: കിണറ്റിൽ വീണ കടുവയെ 12 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ മയക്കുവെടിവച്ചു വലയിലാക്കി കരയ്ക്കുകയറ്റി. വില്ലൂന്നിപാറ കൊല്ലൻപറമ്പിൽ സദാശിവന്റെ വീട്ടിലെ കിണറ്റിലാണ് പുലർച്ചെ അഞ്ച് മണിയോടെ കടുവ വീണത്.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകരും പൊലീസും ഫയർഫോഴ്സും എത്തി. മയക്കുവെടി വയ്ക്കാൻ നോക്കിയെങ്കിലും ഏഴ് മീറ്റർ താഴ്ചയുള്ള കിണറ്റിൽ രണ്ട് മീറ്ററോളം വെള്ളം നിറഞ്ഞിരുന്നത് തടസമായി. തുടർന്ന് പമ്പുസെറ്റ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു.
വൈകിട്ട് നാല് മണിയോടെ തേക്കടിയിൽ നിന്ന് എത്തിയ വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടുന്ന വനംവകുപ്പ് ആർ.ആർ.ടി സംഘം മയക്കുവെടിയുതിർത്തു.മയങ്ങിയ കടുവയെ വനപാലകരും പൊലീസും ആർ.ആർ.ടി സംഘവും ചേർന്ന് വലയ്ക്കുള്ളിലാക്കി കരയ്‌ക്കെത്തിച്ച് വാഹനത്തിൽ തയ്യാറാക്കിയ കൂട്ടിൽ കയറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ കടുവയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഉറപ്പു വരുത്തി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശ പ്രകാരം കടുവയെ ഗവി വനത്തിൽ തുറന്നുവിടും.



