അമ്മയുടെ കണ്മുന്നിൽ നിന്ന് പുലി പിടിച്ച നാലുവയസ്സുകാരിയെ കണ്ടെത്താനായില്ല;വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചില്‍ തുടരുന്നു; കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി

Spread the love

അതിരപ്പിള്ളി: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ അമ്മയുടെ കണ്മുന്നിൽ നിന്നും പുലി പിടിച്ചു കൊണ്ടുപോയ കുഞ്ഞിനെ ഇനിയും കണ്ടെത്താനായില്ല.. പച്ചമല എസ്റ്റേറ്റ് പ്രദേശത്തെ തോട്ടം തൊഴിലാളികളായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെയും മോണിക്ക ദേവിയുടെയും മകള്‍ റൂസിനിയെ ആണ് പുലി കടിച്ചുകൊണ്ടുപോയത്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെ ലയത്തിനു മുന്നില്‍ കളിക്കുകയായിരുന്ന കുഞ്ഞുമായി പുലി കാട്ടില്‍ അപ്രത്യക്ഷമാവുകയായിരുന്നു. മാതാവ് മോണിക്ക അടുത്ത് നില്‍ക്കുമ്പോഴാണ് ഞെട്ടിക്കുന്ന സംഭവം.

സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. പ്രദേശവാസികള്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ഝാര്‍ഖണ്ഡില്‍നിന്ന് വാല്‍പ്പാറയില്‍ എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരച്ചിലില്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങളുടെ ഭാഗം കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വാല്‍പ്പാറയില്‍ പുള്ളിപ്പുലി ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്നിരുന്നു. പൊള്ളാച്ചി -വാല്‍പ്പാറ റോഡില്‍ അടക്കം പുള്ളിപുലിയുടെ സാന്നിധ്യം നേരത്തെ ശ്രദ്ധയില്‍ പെട്ടിരുന്നു.