
കൊല്ലം: തെന്മല ഉറുകുന്നില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി പുലിയിറങ്ങി.
അയ്യങ്കാളി നഗറില്‍ താമസിക്കുന്ന സുകുവിന്റെ വീടിന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ രണ്ട് പുലികള്‍ പ്രത്യക്ഷപ്പെട്ടത്.
പറമ്പില്‍ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ സുകുവും ഭാര്യ ദീപയുമാണ് പുലികളെ കണ്ട് അമ്പരന്നത്.
ആദ്യം ഒരു പുലിയെയാണ് കണ്ടതെങ്കിലും തൊട്ടുപിന്നാലെ മറ്റൊന്നു കൂടി എത്തുകയായിരുന്നു. വീട്ടുകാരെ കണ്ടതോടെ പുലികള്‍ പ്രകോപിതരായി ചീറ്റിയെങ്കിലും, സുകു പെട്ടെന്ന് തന്നെ ഭാര്യയെയും മക്കളെയും വീടിനുള്ളിലാക്കി കതകടച്ചതിനാല്‍ വൻ അപകടം ഒഴിവായി. ഇതിന് പിന്നാലെ പുലികളിലൊന്ന് പറമ്പിലെ താഴ്ഭാഗത്തേക്കും മറ്റൊന്ന് മതില്‍ ചാടി അടുത്ത പറമ്പിലേക്കും മറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർഡ് മെമ്പർ അറിയിച്ചതനുസരിച്ച് തെന്മല ഡിവിഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രി തന്നെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും മൃഗങ്ങളെ കണ്ടെത്താനായില്ല.
സമീപത്തുള്ള കാടുപിടിച്ചു കിടക്കുന്ന മുസലിയാർ തോട്ടമാണ് വന്യമൃഗങ്ങളുടെ താവളമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ തോട്ടത്തിലെ കാട് വെട്ടിത്തെളിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. പകല്‍സമയത്ത് പോലും വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് ഈ പ്രദേശത്ത് പതിവായിരിക്കുകയാണ്.




